കൈക്കുഞ്ഞുമായി ജോലിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ജോലിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഝാന്‍സി സ്റ്റേഷനിലെ അര്‍ച്ചന ജയന്താണ് ഒറ്റ ചിത്രം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായത്.

പൊലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവാണ് കുഞ്ഞിനെയും കൊണ്ട് ജോലിക്കെത്തുന്ന അര്‍ച്ചനയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ആറ് മാസം പ്രായമുള്ള മകളെ ഉറക്കിക്കിടത്തി ഫയല്‍ നോക്കുന്ന അര്‍ച്ചനയുടെ ചിത്രമാണ് പങ്കുവെച്ചത്. “ഝാന്‍സി കോട്ട്‍വാലിയിലെ ഈ പൊലീസ് അമ്മയെ കാണൂ. ജോലിയും അമ്മയെന്ന നിലയിലെ ഉത്തരവാദിത്തവും ഭംഗിയായി കൈകാര്യം ചെയ്യുന്നു. അവര്‍ സല്യൂട്ട് അര്‍ഹിക്കുന്നു” എന്ന് പറഞ്ഞാണ് ചിത്രം ട്വീറ്റ് ചെയ്തത്.

ആഗ്ര സ്വദേശിനിയായ അര്‍ച്ചന 2016ലാണ് ഝാന്‍സി കോട്‍വാലി സ്റ്റേഷനിലെത്തിയത്. ഭര്‍ത്താവ് ഗുര്‍ഗാവിലാണ് ജോലി ചെയ്യുന്നത്. വേറെയാരും കൂടെയില്ലാത്തതിനാല്‍ കുഞ്ഞിനെ നോക്കാന്‍ വഴിയില്ലാത്തതുകൊണ്ട് കൂടെ കൊണ്ടുവരികയാണ്. 11 വയസ്സുള്ള മൂത്തമകള്‍ അര്‍ച്ചനയുടെ മാതാപിതാക്കള്‍ക്കൊപ്പം കാണ്‍പൂരിലാണ്. തന്‍റെ മേലുദ്യോഗസ്ഥരുടെ സഹായമുള്ളതിനാല്‍ ജോലി സമയത്ത് കുഞ്ഞിനെ കൂടെ കൊണ്ടുവരാന്‍ കഴിയുന്നു. ആഗ്രയിലേക്ക് സ്ഥലംമാറ്റം കിട്ടിയെങ്കില്‍ എന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്ന് അര്‍ച്ചന പറഞ്ഞു. ഈ ചിത്രത്തിന്‍റെ പശ്ചാത്തലത്തില്‍ ജോലിക്കാരായ അമ്മമാര്‍ക്ക് നല്ല തൊഴില്‍ സാഹചര്യം ഒരുക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
error: Content is protected !!