മീ ടൂ വിവാദം മലയാളത്തിലേക്ക്; സൂചനയുമായി എന്‍.എസ്. മാധവന്‍

മീടൂ വിവാദം മലയാള സിനിമയിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സാഹിത്യകാരന്‍ എന്‍.എസ്. മാധവന്റെ ട്വീറ്റ്. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ട് മാധ്യമപ്രവര്‍ത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ് എന്‍.എസ്. മാധവന്റെ ട്വീറ്റ്. വലിയ മീടുവിനു സാധ്യതയുണ്ടെന്ന് അറിവു ലഭിച്ചുവെന്നാണ് എന്‍.എസ് മാധവന്‍ ട്വീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈകീട്ട് നാല് മണിക്ക് എറണാകുളം പ്രസ് ക്ലബ്ബില്‍ ഡബ്ല്യൂ.സി.സി നടത്തുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കരുതെന്നും എന്‍.എസ് മാധവന്‍ ട്വീറ്റില്‍ പറയുന്നു.

 

അമ്മയോടുള്ള വിയോജിപ്പ് പരസ്യമാക്കാനാണ് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്‍റെ തീരുമാനം. ദിലീപിനെ തിരിച്ചെടുത്ത നടപടിയ്ക്കെതിരെ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനം ജനറല്‍ ബോഡിയ്ക്കു മാത്രമേ പുനപരിശോധിക്കാനാവൂ എന്ന നിലപാട് ആണ് നേതൃത്വം കൈക്കൊണ്ടത്. ഇത് ഇരട്ടത്താപ്പാണെന്നാണ് ഡബ്യുസിസിയുടെ പറയുന്നത്.

അച്ചടക്ക നടപടിയില്‍ അന്തിമ വാക്ക് എക്സിക്യൂട്ടീവിനാണെന്ന അമ്മയുടെ വാദം ശരിയല്ല. തിലകനെതിരായ അച്ചടക്ക നടപടി തീരുമാനം കൈക്കൊണ്ടത് എക്സിക്യൂട്ടീവായിരുന്നു. ഓഗസ്റ്റ് ഏഴിന് ചര്‍ച്ച നടന്നെങ്കിലും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതുകൊണ്ടുതന്നെ പരസ്യ പ്രതികരണമരുതെന്ന നേതൃത്വത്തിന്‍റെ വിലക്ക് പരിഗണിക്കുന്നില്ല. ഇനി കാത്തു നില്‍ക്കേണ്ടെന്നും  കാര്യങ്ങള്‍ തുറന്നു പറയാമെന്നുമാണ് ഇപ്പോഴത്തെ ധാരണ. രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരെക്കൂടാതെ മറ്റ് മുതിര്‍ന്ന അംഗങ്ങളും വൈകിട്ട് നിലപാട് തുറന്നുപറയാനാണ് ഇപ്പോഴത്തെ തീരുമാനം. പ്രതിഷേധത്തിന്‍റെ ഭാഗമായി കൂടുതല്‍ അംഗങ്ങള്‍ രാജിതിരുമാനം പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.

error: Content is protected !!