നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു; ബിജെപി നേതാക്കള്‍ അറസ്റ്റില്‍

നിലയ്ക്കലില്‍  നിരോധനാജ്ഞ ലംഘിച്ച എ.എന്‍ രാധാകൃഷ്ണന്‍, ജെ.ആര്‍ പത്മകുമാര്‍  അടക്കമുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.  പത്ത്  ബിജെപി നേതാക്കളെയാണ് നിലയ്ക്കലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിന്‍റെ കണ്ണില്‍പ്പെടാതെയാണ് ഇവര്‍‌ നിലയ്ക്കലില്‍ എത്തിയതും മുഖ്യമന്ത്രിക്കെതിരെയും ദേവസ്വം മന്ത്രിക്കെതിരെയും മുദ്രവാക്ക്യം മുഴക്കിയത്. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരെ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. യാതൊരു സൂചനയും നല്‍കാതെ ആയിരുന്നു ബിജെപി നേതാക്കള്‍ ഇവിടെ എത്തിയത്.

സര്‍ക്കാരിന്‍റെ നിലപാടിനോടുള്ള പ്രതിഷേധാര്‍ഹമായാണ് തങ്ങള്‍ നിരോധനാജ്ഞ ലംഘിച്ചത് എന്നും ഇരുവരും പറ‍ഞ്ഞു. അയ്യപ്പഭക്തന്മാരുടെ വേഷത്തിലായിരുന്നു ഇവര്‍‌ എത്തിയത്. നിയമം പരസ്യമായി ലംഘിച്ചുകൊണ്ടുളള പ്രതിഷേധമാണിതെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടിയിരുന്നു. കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്ന നിലയ്ക്കലില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണിക്കായിരുന്നു സംഭവം.

error: Content is protected !!