ഉദ്ഘാടനത്തിന് മുന്‍പ് വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് അനുമതി നല്‍കിയ നടപടിക്കെതിരെ എം.എം. മണി

ഉദ്ഘാടനത്തിന് മുന്‍പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ അമിത് ഷായ്ക്ക് ഇറങ്ങാന്‍ അനുമതി നല്‍കിയ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം. മണി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ബി.ജെ.പി.യുടെ അഖിലേന്ത്യ പ്രസിഡന്റ് ശ്രീ. അമിത് ഷാ വിമാനത്തില്‍ ഇറങ്ങുന്നുവെന്ന് കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നായിരുന്നു എം.എം മണി പറഞ്ഞത്.

വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അപ്പോള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നും വഹിക്കാത്ത ഒരാളായിട്ടു പോലും ഉദ്ഘാടനത്തിന് മുമ്പ് അമിത് ഷായ്ക്ക് അനുമതി കൊടുത്തെങ്കില്‍ അത്ഭുതകരമാണ്. ഇത് ബി.ജെ.പി. ഭരണത്തിന്റെ കീഴില്‍ നടക്കുന്ന വഴിവിട്ട കാര്യങ്ങളുടെ ചെറിയ ഉദാഹരണം മാത്രം.- എം.എം മണി പറഞ്ഞു.

ഡിസംബര്‍ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാന്‍ ഇരിക്കെയാണ് സി.പി.ഐ.എമ്മിനെ രാഷ്ട്രീയമായി വെട്ടിലാക്കി അമിത് ഷാ കണ്ണൂരില്‍ വന്നിറങ്ങിയത്. കരിപ്പൂരില്‍ വിമാനമിറങ്ങാന്‍ തീരുമാനിച്ച അമിത് ഷാ ബി.ജെ.പി കേരളഘടകത്തിന്റെ ആവശ്യപ്രകാരമാണ് കണ്ണൂരില്‍ വന്നിറങ്ങിയത്. പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിക്കാതെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിശ്ചയച്ചതില്‍ രാഷ്ട്രീയമുണ്ടെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയെ ക്ഷണിക്കാതെ ഉദ്ഘാടനം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയോടുള്ള പ്രതികാരമായാണ് ബി.ജെ.പി കേരളഘടകം ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചതെന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്.

error: Content is protected !!