സ്റ്റോപ്പിൽ ബസ് നിർത്താഞ്ഞത് ചോദ്യം ചെയ്ത യുവാവിന് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മര്‍ദ്ദനം

സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നത് ചോദ്യം ചെയത യുവാവിനെ കെഎസ്ആർടിസി ബസിലെ ജീവനക്കാർ മർദിച്ചതായി പരാതി. ആലുവ വെളിയത്ത് നാട് സ്വദേശി സുൽഫിക്കറിനാണ് ബസിനുള്ളിൽ വച്ച് മർദ്ദനമേറ്റതായി പരാതിപ്പെട്ടത്.

ആലുവ പറവൂർ കവലയിൽ നിന്ന്  നെടുമ്പാശ്ശേരിയിലേക്ക്  യാത്ര ചെയ്യാനായി കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയപ്പോഴാണ് സുൾഫിക്കറിന് മർദ്ദനമേററത്.  സ്റ്റോപ്പിൽ യാത്രക്കാർ കൈകാണിച്ചെങ്കിലും ബസ് നിർത്തിയില്ല.  തൊട്ടടുത്തുള്ള ട്രാഫിക് സിഗ്നലിൽ  ബസ് നിർത്തേണ്ടി വന്നപ്പോൾ സ്റ്റോപ്പിലുണ്ടായിരുന്നവർ ഓടിയെത്തി ബസിൽ കയറി.

ഇവർ സ്റ്റോപ്പിൽ നിർത്താതിരുന്നത് ചോദ്യം ചെയ്തു. തുടർന്ന് കണ്ടക്ടറും യാത്രക്കാരും തമ്മിൽ തർക്കമുണ്ടായി. ഈ ദൃശ്യങ്ങൾ പകർത്തിയതോടെ സുൾഫിക്കറിൻറെ  മൊബൈൽ കണ്ടക്ടർ പിടിച്ച് വാങ്ങി.  തുടർന്ന് ബസ് നിർത്തി ഇറങ്ങി വന്ന ഡ്രൈവറും കണ്ടക്ടറും ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

ഇരുവരും ചേർന്ന്  യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തി.  മർദ്ദനത്തെ തുടർന്ന് പരുക്കേറ്റ സുൾഫിക്കർ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!