പ്രതിഷേധം നടത്തുന്ന അയ്യപ്പഭക്തരുടെ ഉത്തരവാദിത്വം ബിജെപിക്കില്ല; കെ. സുരേന്ദ്രന്‍

പമ്പയിലും പരിസരപ്രദേശങ്ങളിലും തടിച്ചുകൂടിയിരിക്കുന്ന അയ്യപ്പഭക്തന്മാരുടെ ഉത്തരവാദിത്വം ബി.ജെ.പിയ്ക്കും ആര്‍.എസ്.എസിനുമില്ലെന്ന് കെ. സുരേന്ദ്രന്‍. ബി.ജെ.പിയും ആര്‍.എസ്.എസും സമാധാനപരമായാണ് സമരം നടത്തുന്നത്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ പൊലീസ് കൈയും കെട്ടി നോക്കി നില്‍ക്കുകയാണ്. കലാപമുണ്ടാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രിയാണ് ഇപ്പോള്‍ പ്രകോപനമുണ്ടാക്കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നിലയ്ക്കലില്‍ കെട്ടിയ സമരപ്പന്തലില്‍ നിന്ന് മുതിര്‍ന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും മാറി.

നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയും മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസിനെയും കമാന്‍റോകളെയും സ്ഥലത്തെത്തിക്കാന്‍ തീരുമാനമായി. ഇതിന് പിന്നാലെയാണ് നേതാക്കള്‍ സമരപ്പന്തലില്‍ നിന്ന് മാറിയത്. നിലവില്‍ സമരസമിതി പ്രവര്‍ത്തകര്‍ മാത്രമാണ് സമരപ്പന്തലിലുള്ളത്. ലാത്തി വീശിയും മറ്റും പ്രതിഷേധിക്കാരെ ഒഴിപ്പിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.

error: Content is protected !!