എ.എം.എം.എ ആവശ്യപ്പെട്ടിട്ടല്ല രാജിവെച്ചതെന്ന് ദിലീപ്

എ.എം.എം.എ ആവശ്യപ്പെട്ടിട്ടല്ല രാജിവെച്ചതെന്ന് നടന്‍ ദിലീപ്. ദിലീപിന്റെ രാജിക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായാണ് രാജിയെന്നാണ് രാജിക്കത്തില്‍ ദിലീപ് പറയുന്നത്. തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും രാജിക്കത്തില്‍ ദിലീപ് ആരോപിക്കുന്നു.

എ.എം.എം.എം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദിലീപ് രാജി കൈമാറിയതെന്നാണ് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ദിലീപിനെ താന്‍ വിളിച്ച് രാജി ആവശ്യപ്പെടുകയാണുണ്ടായതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നേരത്തെ ദിലീപ് സ്വമേധയാ രാജിക്കത്തു നല്‍കിയിട്ടുണ്ടെന്ന് സിദ്ദിഖ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ തനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണ് താന്‍ പറഞ്ഞതെന്നും ദിലീപ് ഇങ്ങോട്ടു വിളിച്ച് രാജിക്കാര്യം അറിയിച്ചതാണെന്ന സിദ്ദിഖിന്റെ വാദത്തെക്കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ഒക്‌ബോര്‍ പത്താം തിയ്യതിയാണ് ദിലീപ് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ട് എ.എം.എം.എയ്ക്ക് കത്തു നല്‍കിയത്. ഇത് തന്റെ രാജിക്കത്തായി പരിഗണിക്കണമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമായി പ്രവര്‍ത്തിക്കില്ലെന്നുമാണ് ദിലീപ് കത്തില്‍പറയുന്നത്.

error: Content is protected !!