മണ്ഡലകാലത്ത് ശബരിമലയില്‍ വനിതാ പൊലീസ് ഉണ്ടാകും; ലോക്‌നാഥ് ബെഹ്‌റ

മണ്ഡലകാലത്ത് ശബരിമലയില്‍ 500 വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. നടതുറക്കുമ്പോള്‍ മുതല്‍ വനിതാ പൊലീസുകാര്‍ ശബരിമലയിലുണ്ടാവും. പൊലീസ് സേനയില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോലിയും വിശ്വാസവും രണ്ടാണെന്നും സേനയില്‍ സ്ത്രീ പുരുഷ വിത്യാസമില്ലെന്നും ഡിജിപി പറഞ്ഞു. അഞ്ഞൂറോളം വനിതാ പൊലീസുകാര്‍ക്കാണ് പരിശീലനം നല്‍കുക. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ഡിജിപി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.വനിതാ പൊലീസുകാരെ ആവശ്യപ്പെട്ട് അഞ്ച് സംസ്ഥാനങ്ങള്‍ക്ക്  ഡിജിപി കത്ത് അയച്ചിരുന്നു.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎം നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. ശബരിമലയ വിഷയത്തില്‍ ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് അവസരം ഉപയോഗിക്കാമെന്നും എന്നാല്‍ സ്ത്രീകളെ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.  ശബരിമല സ്ത്രീ പ്രവേശനത്തെ ഒരു സംഘര്‍ഷ വിഷയമാക്കാനല്ല എല്ലാവരുമായും സഹകരിച്ച് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും, ശബരിമലയില്‍ പുലരേണ്ടത് ശാന്തിയാണെന്നും കോടിയേരി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് കടുപ്പിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. സുപ്രീംകോടതി വിധിക്കെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ്. പത്തനംതിട്ടയിൽ ഇന്ന് നടക്കുന്ന ഉപവാസ സമരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല  ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എംപിമാരും കോൺഗ്രസ് നേതാക്കളും പങ്കെടുക്കും .

error: Content is protected !!