ദേവസ്വം കമ്മീഷണർ ഹിന്ദു തന്നെ; ഹർജി തീർപ്പാക്കി

ദേവസ്വം കമ്മീഷണറായി ഹിന്ദുവിനെത്തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി. അഹിന്ദുവിനെ നിയമിക്കാൻ നീക്കം നടക്കുന്നുവെന്ന ഹർജിയിലാണ് നിർദേശം. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തിരുവിതാംകൂർ–കൊച്ചി ഹിന്ദു മതസ്ഥാപന നിയമം 29–ാം വകുപ്പിലെ ഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു റദ്ദാക്കണമെന്നാണ് ആവശ്യം. ഹിന്ദുക്കളുടെ മതപരമായ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്നായിരുന്നു പരാതിക്കാരന്റെ ആക്ഷേപം.

ഹിന്ദു മത ധർമ്മ സ്ഥാപന നിയമം വകുപ്പ് 29(1) പ്രകാരം ദേവസ്വം വകുപ്പിൽ ഹിന്ദുക്കളെ മാത്രമേ നിയമിക്കാനാകൂ എന്നും വകുപ്പ് 29(3) പ്രകാരം ദേവസ്വം കമ്മിഷണർ ദേവസ്വം ഉദ്യോഗസ്ഥൻ ആയതിനാൽ ദേവസ്വം കമ്മിഷണർ ആയി ഹിന്ദുവിനെ മാത്രമേ പ്രൊമോഷൻ മുഖാന്തിരമോ ഡെപ്യൂട്ടേഷൻ മുഖാന്തിരമോ നിയമിക്കാൻ കഴിയൂ എന്നും പുതിയ ഭേദഗതി കൊണ്ട് നിയമന രീതിയിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്തത് എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതുകണക്കിലെടുത്താണ് കോടതി ഹർജി തീർപ്പാക്കിയത്.

ദേവസ്വം ബോർഡ്‌ ഉദ്യോഗസ്ഥർ ഹിന്ദുക്കൾ ആകണമെന്ന് നിർബന്ധം ഉള്ളതിനാൽ ദേവസ്വം കമ്മിഷണർ ഹിന്ദുവായിരിക്കണം എന്നും മറിച്ചുള്ള ആശങ്കകൾ അസ്ഥാനത്താണെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.ദേവസ്വം കമ്മിഷണർ ദേവസ്വം വകുപ്പിന്റെ ഭാഗമാണോ എന്നും വകുപ്പ് 29(1)ന്റെ പരിധിയിൽ വരുമോ എന്നും ഹർജിക്കാർ ആശങ്കപ്പെട്ടപ്പോൾ ദേവസ്വം കമ്മിഷണർ ദേവസ്വം വകുപ്പിന്റെ ഭാഗം തന്നെ എന്ന് നിയമത്തിലെ വകുപ്പുകൾ പരിശോധിച്ച് കോടതി വ്യക്തമാക്കി.

error: Content is protected !!