മലബാര്‍ സിമന്റ്സ് പ്രതിസന്ധി; സര്‍ക്കാര്‍ ഇടപെടുന്നു

മലബാർ സിമന്റ്സിലെ ഉദ്യോഗസ്ഥ പ്രതിസന്ധി പരിഹരിക്കാൻ സർക്കാര്‍ ഇടപെടുന്നു. എംഡി, വകുപ്പുമേധാവികൾ എന്നിവരുടെ ഒഴിവ് നികത്താനാവാതെ മുന്നോട്ടുപോകാനാവില്ലെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

ഒരു മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും തീരുമാനമായി. മാനേജ്മെന്റ് വിദഗ്ധരെ ഉൾപ്പെടുത്തി മലബാർ സിമന്റ്സിന്റെ പ്രവർത്തനം മെച്ചെപ്പടുത്തുമെന്നായിരുന്നു ഇടതു സർക്കാർ അധികാരമേറ്റശേഷം നടത്തിയ പ്രഖ്യാപനം. പക്ഷേ, ദിവസജോലി ക്രമീകരിക്കുന്ന വർക്സ് വിഭാഗം, ഫിനാൻസ്, കൊമേഴ്സ്യൽ തുടങ്ങി 20 പ്രധാന വിഭാഗങ്ങിൽ വകുപ്പുതലവൻമാരടക്കം നിരവധി തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.

ഏറ്റവുമൊടുവിൽ എംഡിയെയും മാറ്റി. അധിക ചുമതലയുളള ഉദ്യോഗസ്ഥർ നയപരമായി തീരുമാനങ്ങളെടുക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ ഡയറക്ടർബോർഡ് യോഗം ചേർന്നത്. സ്ഥാപനത്തിലെ തൊഴിലാളി സംഘടന പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.

ബാഹ്യ ശക്തികളുടെ ഇടപെടൽ സ്ഥാപനത്തിലുണ്ടാകില്ലെന്ന് മന്ത്രി പറയുന്നു. കെട്ടിക്കിടക്കുന്ന സിമന്റ് വിറ്റഴിക്കാനുളള നടപടികൾ ഉടനുണ്ടാകും. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാനുളള നേതൃത്വം ഉടനെത്തുമെന്നും മന്ത്രി ഉറപ്പ് നൽകി

error: Content is protected !!