സഖ്യത്തിനില്ലെന്ന് മായാവതി: പ്രതിപക്ഷ ഐക്യനീക്കത്തില്‍ കരിനിഴല്‍

കോണ്‍‌ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞടുപ്പുകളില്‍ എല്ലാ സീറ്റുകളിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കി. ഗൂഢാലോചന നടത്തി ബിഎസ്പിയെ ഇല്ലാതാക്കാനാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മായാവതി ആരോപിച്ചു. കോണ്‍ഗ്രസിന് ഇപ്പോഴും സവര്‍ണമനോഭാവമാണ്.

ബിജെപിയെ തോല്‍പ്പിക്കുകയല്ല കോണ്‍ഗ്രസിന്റെ ഉദ്ദേശ്യമെന്നും പാര്‍ട്ടിയുടെ സൗഹൃദ പാര്‍ട്ടികളെ തുരത്താനാണ് ശ്രമിക്കുന്നതെന്നും മായാവതി ആരോപിച്ചു. ബിജെപിയെ തോല്‍പ്പിക്കുന്നതിന് പകരം പങ്കാളികളെ തോല്‍പ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്നും അവര്‍ വ്യക്തമാക്കി. ബിജെപിയെ ഒറ്റയ്ക്ക് നേരിടാമെന്ന ധാര്‍ഷ്ട്യമുണ്ട്. കോണ്‍ഗ്രസ് ചെയ്ത അനീതി  ജനങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും മായാവതി വ്യക്തമാക്കി.

കഴിഞ്ഞ മാസം മധ്യപ്രദേശിലെ 22 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ മായാവതി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള മേഖലകളിലായിരുന്നു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അതേസമയം, ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി മായാവതി സഖ്യത്തിലെത്താന്‍ ധാരണയിലെത്തിയിട്ടുണ്ട്.

error: Content is protected !!