മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അർജുന രണതുംഗെ അറസ്റ്റിൽ

 ഭരണപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രമന്ത്രിയായിരുന്ന അർജുന രണതുംഗെ അറസ്റ്റിൽ. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന രണതുംഗെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ മന്ത്രിസഭയിൽ പെട്രോളിയം മന്ത്രിയായിരുന്നു. ഉച്ചയോടെയാണ് ഔദ്യോഗികവസതിയിലെത്തി കൊളംബോ ക്രൈം വിഭാഗം രണതുംഗെയെ അറസ്റ്റ് ചെയ്തതെന്ന് വക്താവായ റുവാൻ ഗുണശേഖര വാർത്താ ഏജൻസിയായ ‘റോയിട്ടേഴ്‍സി’നോട് പറഞ്ഞു.
കൊളംബോയിലെ ദെമതഗോഡയിലുള്ള സിലോൺ പെട്രോളിയം കോർപ്പറേഷന്‍റെ ഓഫീസിന് മുന്നിലാണ് ഇന്നലെ വെടിവെപ്പ് നടന്നത്. പ്രസിഡന്‍റ് പിരിച്ചുവിട്ട മന്ത്രിസഭയിലെ മന്ത്രിയായ രണതുംഗെ പെട്രോളിയം ഓഫീസിലേയ്ക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സ്ഥലത്ത് തൊഴിലാളികൾ വൻപ്രതിഷേധപ്രകടനം നടന്നിരുന്നു. തുടർന്ന് രണതുംഗെയുടെ അംഗരക്ഷകർ തൊഴിലാളികൾക്ക് നേരെ വെടിവച്ചു. വെടിവെപ്പിൽ ഒരാൾ മരിയ്ക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
രാജ്യത്ത് രാഷ്ട്രീയ അട്ടിമറി നടന്നതിന് ശേഷം ഇന്നലെയാണ് വിദേശപര്യടനത്തിലായിരുന്ന രണതുംഗെ തിരിച്ചെത്തിയത്. തിരിച്ചെത്തി ഓഫീസിലേയ്ക്ക് വന്നപ്പോഴാണ് തന്നെ ആക്രമിച്ചതെന്ന് ഇന്നലെ രണതുംഗെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘അവരെന്നെ കൊല്ലുമായിരുന്നു. ഞാനിന്ന് ജീവനോടെയുള്ളത് ദൈവകൃപ കൊണ്ടാണ്. രാജ്യത്തെ നിയമവ്യവസ്ഥ അട്ടിമറിയ്ക്കപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങൾ മറുപടി പറയും.’ രണതുംഗെ പ്രതികരിച്ചു.
error: Content is protected !!