‘കാതലേ…കാതലേ…’ ഗാനത്തില്‍ കേള്‍ക്കുന്ന ആ പ്രത്യേക ശബ്ദമെന്ത്? രഹസ്യം വെളിപ്പെടുത്തി സംഗീത സംവിധായകന്‍

96 സിനിമ കണ്ട പലരും അതിലെ കാതലേ കാതലേ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധിച്ചിരിക്കും. ഈ ഹൃദ്യമായ ഗാനത്തിനിടക്ക് കേള്‍ക്കുന്ന ഒരു പ്രത്യേക ശബ്ദം പലരും ശ്രദ്ധിച്ചിരിക്കും. ഗാനത്തിന്റെ തുടക്കത്തിലും ഉള്ളിലും കേള്‍ക്കുന്ന മൃഗത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു ഓരിയിടല്‍ ശബ്ദം. വീഡിയോയില്‍ ഒരിടത്തും കടന്നു വരാത്ത ആ ശബ്ദം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത.

ആ ഓരിയിടല്‍ ശബ്ദം തിമിംഗലത്തിന്റെ കരച്ചിലാണെന്നാണ് ഗോവിന്ദ് വസന്ത പറയുന്നത്. തിമിംഗലത്തിന് ഒരാകാശപ്പറവയോടുള്ള പ്രണയം എന്ന രൂപത്തില്‍ ചിട്ടപ്പെടുത്തിയതാണത്. സിനിമയുടെ പ്രമേയം പോലെ തന്നെ ഒരിക്കലും ഒരുമിക്കാന്‍ സാധിക്കാത്തവരാണ് ആകാശപ്പറവയും തിമിംഗലവും. ഈ സമാനതയാണ് ഇങ്ങനെയൊരു പരീക്ഷണത്തിന് പ്രചോദനമായതെന്ന് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത പറയുന്നു. വയലിനോടൊപ്പം ഈ ശബ്ദവും ഇഴചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്കും പുതുമയായി. വയലിനിസ്റ്റായ ഗോവിന്ദ് സിനിമയില്‍ വയലിന്‍ ഉപയോഗിച്ചിട്ടുള്ളത് കാതലേ കാതലേ എന്ന ഈ ഒരു ഗാനത്തില്‍ മാത്രമാണ്.

കാതലേ എന്ന പാട്ട് ആദ്യം ആലോചനകളിലായിരുന്നെന്നും പ്രൊമോക്ക് ലഭിച്ച വന്‍ സ്വീകരണമാണ് കാതലെ എന്ന ഗാനത്തിലേക്ക് കൊണ്ടെത്തിച്ചതെന്നും ഗോവിന്ദ് പറയുന്നു. ഗാനത്തിന് വന്‍ പ്രചാരമാണ് യുവ തലമുറക്കിടയില്‍ ലഭിക്കുന്നത്.

error: Content is protected !!