കേരളത്തിന്‌ യുഎന്‍ ഏജന്‍സിയുടെ സഹായം ലഭിക്കും

കേരളത്തിലെ പുനരധിവാസ പദ്ധതികള്‍ക്കായി യുഎന്‍ ഏജന്‍സിയുടെ സഹകരണം ലഭിക്കുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍. പ്രളയത്തില്‍ വീട് തകര്‍ന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറായതായും പി.എച്ച്. കുര്യന്‍ പറഞ്ഞു.മൂന്ന് ഘട്ടങ്ങളായി തിരിച്ച് പുനരധിവാസം പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വാസയോഗ്യമല്ലാത്ത രീതിയില്‍ വീട് തകര്‍ന്നവരെ പുനരധിവസിപ്പിക്കുകയാണ് പ്രാഥമിക ലക്ഷ്യം. ഇവരെ സ്വന്തം നാട്ടില്‍ തന്നെ പുനരധിവസിപ്പിക്കും. 12000 വീടുകള്‍ വാസയോഗ്യമല്ലാതായി എന്നാണ് സര്‍ക്കാരിന്‍റെ കണക്ക്.

ഇതിന്‍റെ വിലയിരുത്തല്‍ പൂര്‍ത്തിയായി വരുന്നു. രാജ്യാന്തര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പുനരധിവാസമാണ് ഉദ്ദേശിക്കുന്നത്. ആധുനിക ഡിജിറ്റല്‍ സര്‍വേയടക്കം നടത്തിയാണ് ഇത് പൂര്‍ത്തിയാക്കുക. ഐക്യരാഷ്ട്രസഭ ഏജന്‍സിയുടെ സഹകരണത്തോടെയാണ് പുനരദ്ധിവാസ പദ്ധതി നടപ്പാക്കുന്നത്.

ഇടുക്കിയിലെ പുനരധിവാസമാണ് പ്രധാന വെല്ലുവിളി. കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷമേ മണ്ണിടിച്ചില്‍ മേഖലയിലെ പുനരധിവാസത്തിന്‍റെ കാര്യത്തില്‍ തീരുമാനമാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.ശാസ്ത്രീയ മാനദണ്ഡങ്ങളും പ്രാദേശിക പങ്കാളിത്തവും ഉറപ്പാക്കിയായിരിക്കും പുനരധിവാസം നടപ്പാക്കുക. രണ്ടാം ഘട്ടത്തില്‍ ചെറുകിട വ്യവസായ വാണിജ്യ മേഖലയുടേയും മൂന്നാം ഘട്ടത്തില്‍ പൊതുമേഖലയുടേയും പുനര്‍ നിര്‍മ്മാണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പിഎച്ച് കുര്യന്‍ പറഞ്ഞു.

error: Content is protected !!