യെച്ചൂരിയെ പരോക്ഷമായി വിമര്‍ശിച്ച് പികെ ശശി

നിലപാടില്ലാത്ത ചില വിവര ദോഷികളാണ് പാര്‍ട്ടിയിലെ കാര്യം പുറത്തു പറയുന്നതെന്ന് പി.കെ ശശി എം.എല്‍.എ. ഡി.വൈ.എഫ്.ഐ അംഗമായ യുവതിയുടെ പീഡന പരാതിയില്‍ പ്രതികരിക്കുകയായിരുന്നു പി.കെ ശശി. വിവരമില്ലാത്തവര്‍ പാര്‍ട്ടി കാര്യങ്ങള്‍ പുറത്തു പറഞ്ഞേക്കാം, എന്നാല്‍ താന്‍ പാര്‍ട്ടി കാര്യങ്ങള്‍ പുറത്തുപറയില്ലെന്നും ശശി വ്യക്തമാക്കി. സീതാറാം യെച്ചൂരിയാണ് ശശിക്കെതിരായുള്ള യുവതിയുടെ പരാതി ആദ്യം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശശിക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തക പീഡന പരാതി നല്‍കിയിട്ടുണ്ടെന്നും പരാതി അന്വേഷണത്തിന് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും യെച്ചൂരി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത്.

ശശിക്കെതിരായ പരാതിയില്‍ നടപടി തുടങ്ങിയതായി സി.പി.ഐ.എം നേതാവ് ബൃന്ദാ കാരാട്ട് പറഞ്ഞു. തനിക്കു കിട്ടിയ പരാതി അപ്പോള്‍ തന്നെ സംസ്ഥാന നേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. ശശിക്കെതിരെ പരാതി ലഭിച്ചതായി ആദ്യമായാണ് ബൃന്ദ സ്ഥിരീകരിക്കുന്നത്.

അതേസമയം, യുവതിയുടെ പരാതി പാര്‍ട്ടി അന്വേഷിക്കുമെന്ന് ശശി ആവര്‍ത്തിച്ചു. പാര്‍ട്ടിയെ സംബന്ധിച്ച് വലിയവനായാലും ചെറിയവനായാലും ആരെക്കുറിച്ചും പരാതി ലഭിച്ചാല്‍ അത് കൈകാര്യം ചെയ്യാനുള്ള ആര്‍ജവം പാര്‍ട്ടിക്കുണ്ട്. പരാതി എനിക്കെതിരെ ആണെങ്കില്‍ അത് നേരിടാനുള്ള നല്ല കമ്മ്യൂണിസ്റ്റ് ആരോഗ്യം തനിക്കുണ്ടെന്നും ശശി വ്യക്തമാക്കി.
error: Content is protected !!