എലിപ്പനിയെന്ന് സംശയം; കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ മരിച്ചു

കണ്ണൂര്‍ ജില്ലയില്‍ എലിപ്പനി ബാധിച്ചതായി സംശയിക്കുന്ന ആറ് പേരില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ എടക്കാട് ആറ്റടപ്പ സ്വദേശി പ്രകാശന്‍ (55) ആണ് ഞായറാഴ്ച മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മരണം എലിപ്പനി ബാധ മൂലമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇരിവേരി, ചിറക്കല്‍, ചിറ്റാരിപ്പറമ്പ്, കൊട്ടിയൂര്‍, എളയാവൂര്‍ എന്നിവിടങ്ങളിലാണ് എലിപ്പനിയെന്ന് സംശയിക്കുന്ന മറ്റ് അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇതേത്തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യവകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും എലിപ്പനിയ്ക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്സിസൈക്ലിന്‍ ലഭ്യമാക്കിയിട്ടുണ്ട്. കേളകം, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോയവരും നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി. ഡോക്സിസൈക്ലിന്‍ കഴിച്ചിരിക്കേണ്ടതാണെന്ന് ഡി.എം.ഒ അറിയിച്ചു.

പ്രളയബാധിത പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് ശേഷം ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്തവര്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി പ്രതിരോധ മരുന്ന് കഴിക്കണം. പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കൈയുറയും കാലുറയും ഉള്‍പ്പെടെയുള്ളവ ധരിക്കണം.
പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണ്.

സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും ഗുരുതരാവസ്ഥയിലെത്തിക്കും. എല്ലാ ക്യാമ്പുകളിലും രക്ഷാ പ്രവര്‍ത്തകര്‍ക്കും പ്രതിരോധ ഗുളികകള്‍ ആരോഗ്യ വകുപ്പ് വ്യാപകമായി നല്‍കിയിരുന്നെങ്കിലും പലരും കഴിക്കാന്‍ വിമുഖത കാട്ടിയിരുന്നതായി ആരോഗ്യ വകുപ്പിന് പിന്നീടുള്ള നിരീക്ഷണത്തില്‍ ബോധ്യമായി. അവര്‍ എത്രയും വേഗം ആഹാരത്തിന് ശേഷം ഗുളിക കഴിക്കേണ്ടതാണെന്നും അറിയിച്ചു.

error: Content is protected !!