പി കെ ശശിക്കെതിരായ പീഡന പരാതിയിൽ സിപിഎം കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചു : കടുത്ത നടപടിക്ക് സാധ്യത

ലൈംഗിക പീഡന പരാതിയിൽ സിപിഎം നിയോഗിച്ച പാർട്ടി കമ്മീഷൻ പരാതിക്കാരിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. രണ്ടാഴ്ചക്കകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും.പ്രശ്നത്തിൽ നേതൃത്വം കർശന നിലപാട് എടുത്തതിനാൽ കമ്മീഷനും കടുത്ത നടപടി ശുപാർശ ചെയ്തേക്കുമെന്നാണ് സൂചന. സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ കെ ബാലനും പി കെ ശ്രീമതിയും കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയിൽ നിന്ന് ഫോൺ വഴി വിവരങ്ങൾ ശേഖരിച്ചത്.

പി കെ ശശിയ്ക്കെതിരെ സംഘടനാ തലത്തിൽ കടുത്ത നടപടി വേണമെന്ന നിലപാട് യുവതി ആവർത്തിച്ചതായാണ് സൂചന. സിപിഎം കേന്ദ്ര നേതൃത്വവും പി കെ ശശി കുറ്റക്കാരനാണെങ്കിൽ കർശന നടപടിയെടുക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

സംഘടന നടപടിയെടുത്താൽ പി.കെ.ശശിയെ എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിക്ക് കാരണമാകുമെന്ന് പാർട്ടിയിൽ ഒരു വിഭാഗം വിലയിരുത്തുന്നു. യുവതി നിലവിൽ പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും പിന്നീട് അത്തരം സാഹചര്യം ഉണ്ടായാൽ പാർട്ടി വലിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും വിലയിരുത്തലുണ്ട്.

error: Content is protected !!