പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളൊഴുകുന്നു : രണ്ടാം ദിവസം ലഭിച്ചത് മൂന്നു കോടിയും രണ്ടര പവനും

കണ്ണൂര്‍ : നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനു ശേഷം സംസ്ഥാനത്തെ വീണ്ടെടുക്കാന്‍ കേരള സമൂഹം നടത്തുന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാവുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നവകേരള നിര്‍മാണത്തിനായുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി പിണറായിയില്‍ നടന്ന ഫണ്ട് ശേഖരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തിനു ശേഷമുള്ള നവകേരള സൃഷ്ടിക്ക് ആവശ്യമായ 30,000 കോടിയിലേറെ രൂപ സ്വരുക്കൂട്ടാന്‍ നാം മാത്രം വിചാരിച്ചാല്‍ സാധ്യമല്ലെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. യുഎഇ ഉള്‍പ്പെടെയുള്ള സുഹൃദ് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലും അത് നേടിയെടുക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ. പ്രളയകാലത്തും അതിനു ശേഷവും അയല്‍ സംസ്ഥാനങ്ങള്‍ നല്‍കുന്ന സഹായങ്ങള്‍ എടുത്തുപറയേണ്ടതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മഹാപ്രളയത്തെ അിജീവിച്ച കേരള ജനത പ്രളയാനന്തരമുള്ള വെല്ലുവിളികളെയും ധീരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിഭവ സമാഹരണം പിണറായി, ചിറക്കുനി, കൂത്തുപറമ്പ്, പാനൂര്‍ എന്നീ നാലുകേന്ദ്രങ്ങളിലാണ് ബുധനാഴ്ച നടന്നത്. നാലു കേന്ദ്രങ്ങളില്‍ നിന്നായി 3,02,39,338 രൂപ ലഭിച്ചു. ആദ്യ ദിവസമായ ചൊവ്വാഴ്ച 4.45 കോടി രൂപയും 88 സെന്റ് ഭൂമിയും ലഭിച്ചിരുന്നു.

error: Content is protected !!