വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പന നടത്തി; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കട തകര്‍ത്തു

പയ്യന്നൂരില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പാന്‍മസാല വില്‍പ്പന നടത്തിയ കട ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പയ്യന്നൂര്‍ വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിനു സമീപത്തെ മഹേഷിന്റെ ഉടമസ്ഥതയിലുള്ള കടയാണ് അടിച്ചു തകര്‍ത്തത്. രാവിലെ കോളജിലേക്കു പോവുകയായിരുന്ന ഏതാനും വിദ്യാര്‍ഥികള്‍ ഇവിടെ നിന്നും പാന്‍മസാല രഹസ്യമായി വാങ്ങിപ്പോയിരുന്നു. ഇതു കണ്ട ചിലര്‍ കുട്ടികളെ ചോദ്യം ചെയ്യുകയും, വിദ്യാര്‍ഥികള്‍ പറഞ്ഞതനുസരിച്ച് പ്രദേശത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി കട തകര്‍ക്കുകയായിരുന്നു. ഇതിനു മുമ്പ് നിരവധി തവണ താക്കീത് ചെയ്തതാണെന്നും പോലീസിനെ കൊണ്ട് പിടിപ്പിച്ചിട്ടും വീണ്ടും പാന്‍മസാല വിറ്റതാണ് കട തകര്‍ക്കാനിടയാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

നേരത്തെ ഇവിടെ നിന്നും പയ്യന്നൂര്‍ പോലീസ് നിരോധിത പാന്‍മസാല പിടിച്ചെടുത്തിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഇവിടെ നിന്നും നിരോധിത പാന്‍മസാല വില്‍ക്കാറുണ്ട്. സമീപത്തെ ഹോട്ടലില്‍ എത്തുന്ന ഇതര സംസ്ഥാന ലോറി ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയാണ് ഇവ എത്തിച്ചു നല്‍കുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ പ്രദേശത്തെ കുട്ടികള്‍ക്കും നല്‍കുന്നത് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.

error: Content is protected !!