ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്നുമുതല്‍

ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായാണ് ബിജെപി രണ്ട് ദിവസത്തെ ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേരുന്നത് .  ദില്ലിയിലാണ്  യോഗം. ഇന്ധനവില വര്‍ദ്ധന, ജി.എസ്.ടി, നോട്ട് നിരോധനം, റഫാൽ ആയുധ ഇടപാട് തുടങ്ങിയ നിരവധി വിഷയങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികൾ.

ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ സര്‍ക്കാരിനെതിരെ തുടരുന്ന പ്രചരണങ്ങളെ ചെറുക്കാനുള്ള അഹ്വാനങ്ങൾ ബി.ജെ.പിയുടെ രണ്ട് ദിവസത്തെ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിൽ ഉണ്ടാകും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശ് ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പരമാവധി സീറ്റുകൾ നേടിയാണ് മോദി സര്‍ക്കാര്‍ അധികാരത്തിൽ എത്തിയത്.

പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വലിയ വിജയം ബി.ജെ.പിക്ക് സ്വന്തമാക്കാനായി. പിന്നോക്ക സമുദായങ്ങളുടെ പിന്തുണ ആകര്‍ഷിക്കാനായതാണ് ലോക്സഭയിലും നിയമസഭ തെരഞ്ഞെടുപ്പുകളിലുമൊക്കെ ബി.ജെ.പിക്ക് വലിയ നേട്ടമായത്. എന്നാൽ, സുപ്രീംകോടതി വിധിക്ക് പിന്നാലെ പട്ടിജാതി-പട്ടിക വിഭാഗങ്ങളും മുന്നോക്ക സമുദായങ്ങളും തമ്മിൽ ഉത്തരേന്ത്യയിൽ ആരംഭിച്ചിരിക്കുന്ന സംഘര്‍ഷമാണ് ബി.ജെ.പി നേരിരുന്ന പുതിയ വെല്ലുവിളി.

ലോക്സഭക്ക് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്ന് നല്ല സൂചനയല്ല കിട്ടുന്നതും. ഈ പ്രതിസന്ധികൾ മറികടന്ന് മുന്നോട്ടുപോകാനുള്ള പ്രഖ്യാപനങ്ങൾ നിര്‍വ്വാഹക സമിതിയോഗത്തിൽ ഉണ്ടായേക്കും. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായാണ് യോഗം ഉദ്ഘാടനം ചെയ്യുക. സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും.

error: Content is protected !!