ട്രെയിന്‍ നിർത്തുന്ന സമയം വെട്ടിച്ചുരുക്കി

സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്ന സമയം വെട്ടിച്ചുരുക്കി. തിരക്കുള്ള പ്രധാന സ‌്റ്റേഷനുകളിൽ  അഞ്ചുമിനുട്ട് നിർത്തുന്ന സമയം മൂന്നുമിനുട്ടായും മൂന്നുമിനുട്ട്   രണ്ടുമിനുട്ടായുമാണ് ചുരുക്കിയത്. കഴിഞ്ഞ ദിവസംമുതൽ ഇത് പ്രാബല്യത്തിൽ വന്നതോടെ യാത്രക്കാർക്ക് പ്രയാസം അനുഭവപ്പെട്ട് തുടങ്ങി. ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർഷംതോറും അഞ്ചുശതമാനത്തോളം വർധിക്കുന്നുണ്ടെന്നാണ് റെയിൽവേ പറയുന്നത്.
യാത്രക്കാരുടെ എണ്ണം വർധിക്കുകയും ട്രെയിൻ നിർത്തുന്ന സമയം കുറയ‌്ക്കുകയും ചെയ്തതോടെ പലർക്കും ട്രെയിനിൽ കയറാനും ഇറങ്ങാനും സമയം ലഭിക്കുന്നില്ല. രോഗികൾ, പ്രായമായവർ, കുട്ടികൾ എന്നിവരാണ് ഇതിന്റെ കൂടുതൽ ദുരിതം. യഥാസമയം ട്രാക്ക് അറ്റകുറ്റപണി നടത്തി വേഗം കൂട്ടേണ്ട സമയത്ത് ചെയ്യാതെ സമയം ലാഭിക്കാൻ യാത്രക്കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്. കാസർകോട‌്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ഉൾപ്പെടെയുള്ള എ, എ വൺ ഗ്രേഡ് പ്രധാന സ്റ്റേഷനുകളിൽപോലും അഞ്ചുമിനുട്ട് മൂന്നുമിനുട്ടായി ചുരുക്കി. ബി ഗ്രേഡ് സ്റ്റേഷനുകളിൽ മൂന്നുമിനുട്ടുള്ളത് രണ്ടുമിനുട്ടുമാക്കി.
   ദീർഘദൂര ട്രെയിനുകളിൽ ലഗേജ് കയറ്റാൻതന്നെ സമയമെടുക്കും.  കണ്ണൂർ റെയിൽവേ സ്റ്റേഷൻ കന്റോൺമെന്റ് പ്രദേശം ആയതിനാൽ ദിവസേന നിരവധി പട്ടാളക്കാരും കുടുംബസമേതം യാത്ര ചെയ്യാനുണ്ടാകും. ഏഴിമല നാവിക അക്കാദമിയിൽ പോകുന്നവരും കൂടുതലും കണ്ണൂർ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. കന്റോൺമെന്റ് നിവാസികൾക്കുവേണ്ടിമാത്രം പ്രത്യേക ടിക്കറ്റ് കൗണ്ടർ കണ്ണൂരിൽ വേണമെന്ന് നേരത്തെ  ആവശ്യമുണ്ട്.
error: Content is protected !!