ഡിഎംകെ അധ്യക്ഷ സ്ഥാനം; സ്റ്റാലിനു വേണ്ടി അണിയറയില്‍ ഒരുക്കം

എം.കരുണാനിധിയുടെ വിയോഗത്തോടെ മകൻ എം.കെ.സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി വാഴിക്കാൻ അരങ്ങൊരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി ഡിഎംകെ നിർവാഹക സമിതി യോഗം 14നു പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേരും. വർക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിൻ ജനറൽ സെക്രട്ടറി കെ.അൻപഴകനുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണു തീയതി പ്രഖ്യാപിച്ചത്.

കരുണാനിധിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനാണു നിർവാഹക സമിതി യോഗം ചേരുന്നതെന്നും മറ്റു വ്യാഖ്യാനങ്ങൾ വേണ്ടെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. 19നു ജനറൽ കൗൺസിൽ യോഗം ചേരാൻ പാർട്ടി നേരത്തേ തീരുമാനിച്ചിരുന്നു. തീയതിയിൽ മാറ്റം വേണോ എന്നു നിർവാഹക സമിതി തീരുമാനിക്കും. കൗൺസിൽ യോഗത്തിൽ സ്റ്റാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനമുണ്ടാകും. പുതിയ ട്രഷററെയും കണ്ടെത്തേണ്ടിവരും.

ഡിഎംകെ ഭരണഘടനപ്രകാരം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അധികാരം ജനറൽ കൗൺസിലിനാണ്. ജനറൽ കൗൺസിൽ യോഗം 19നു നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. എങ്കിലും, സ്റ്റാലിന്റെ സ്ഥാനാരോഹണം സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ നിർവാഹക സമിതി യോഗത്തിൽ നടക്കാനാണു സാധ്യത. നിർവാഹക സമിതി യോഗത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകളൊന്നുമുണ്ടാകില്ലെന്നു ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു. നിർവാഹക സമിതിക്ക് അത്തരം അധികാരങ്ങളില്ല. അദ്ദേഹത്തിനു വർക്കിങ് പ്രസിഡന്റായി തുടരാം. എന്നാൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ തിരഞ്ഞെടുക്കാനുള്ള അധികാരം ജനറൽ കൗൺസിൽ യോഗത്തിനു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു കരുണാനിധി പൂർണവിശ്രമത്തിലേക്കു മാറിയതിനെത്തുടർന്ന് 2017 ജനുവരിയിലാണ് എം.കെ. സ്റ്റാലിൻ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. സ്റ്റാലിനുവേണ്ടി വർക്കിങ് പ്രസിഡന്റ് പദവി പുതുതായി സൃഷ്ടിക്കുകയായിരുന്നു. ട്രഷറർ സ്ഥാനത്തിനു പുറമേയാണു സ്റ്റാലിൻ വർക്കിങ് പ്രസിഡന്റ് പദവിയും വഹിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സ്റ്റാലിനു മുന്നിൽ തടസ്സങ്ങളൊന്നുമില്ലെന്നാണു സൂചന. നേരത്തേ കലാപക്കൊടിയുയർത്തിയിരുന്ന അഴഗിരി പാർട്ടിക്കു പുറത്താണ്. അതിനുശേഷവും തുടർച്ചയായ ഇടവേളകളിൽ സ്റ്റാലിനെ വിമർശിച്ച് അഴഗിരി രംഗത്തുണ്ടായിരുന്നു.

error: Content is protected !!