കേരളത്തെ പുനര്‍ നിര്‍മിക്കാന്‍ ഒരു മാസത്തെ സേവനം: ജീവനക്കാരോടും അധ്യാപകരോടും കലക്ടറുടെ അഭ്യര്‍ഥന

‘എന്റെ ഒരു മാസം കേരളത്തിന്’ എന്ന സന്ദേശവുമായി ജീവനക്കാരും അധ്യാപകരും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ ആഹ്വാനം. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരോട് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയാണ് ഈ അഭ്യര്‍ഥന നടത്തിയത്.

ഈ നൂറ്റാണ്ടില്‍ മുമ്പ് ഉണ്ടായിട്ടില്ലാത്ത ദുരന്തമാണ് കേരളത്തിലുണ്ടായിരിക്കുന്നത്. ദുരിതങ്ങളുടെ ഈ സാഹചര്യത്തില്‍ ഈ മാസം സേവനം പൂര്‍ണ അര്‍ഥത്തില്‍ സേവനമാക്കി താന്‍ ഈ മാസത്തെ ശമ്പളം വേണ്ടെന്ന് വെക്കുകയാണെന്ന് കലക്ടര്‍ അറിയിച്ചു. കഴിയാവുന്ന എല്ലാവരും ഈ മാസത്തെ ശമ്പളം വേണ്ടെന്ന് വെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കലക്ടറേറ്റ് ജീവനക്കാരുടെയും ജില്ലാ തല ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംഘടനാ നേതാക്കളടെയും പ്രത്യേക യോഗങ്ങള്‍ വിളിച്ചാണ് കലക്ടര്‍ ഈ അഭ്യര്‍ഥന നടത്തിയത്.

ഈ യോഗങ്ങളില്‍ വെച്ച് തന്നെ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം, തുടങ്ങി ഉന്നത ഉദ്ധ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കി.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുടെ സംഘടനകളുടെ ജില്ലാ ഭാരവാഹികളുടെ യോഗം ജില്ലാ കലക്ടര്‍ വെച്ച അഭ്യര്‍ഥന സ്വാഗതം ചെയ്തു. ഇക്കാര്യം പരിഗണിച്ച് സംഘടനാ തലങ്ങളില്‍ ആവശ്യമായ തീരുമാനമെടുക്കുമെന്ന് അവര്‍ അറിയിച്ചു.

error: Content is protected !!