ഏറ്റെടുക്കാൻ ആളില്ല; പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കും

കണ്ണൂര്‍ വനിതാ ജയിലില്‍ കഴിഞ്ഞദിവസം തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട പിണറായി കൂട്ടകൊലക്കേസിലെ പ്രതി സൗമ്യ കുഞ്ഞിക്കണ്ണന്റെ മൃതദേഹം തിങ്കളാഴ്ച പയ്യാമ്പലത്ത് സംസ്‌കരിക്കും. മകളെയും മാതാപിതാക്കളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ വിചാരണ തടവുകാരിയായി തുടരുന്നതിനിടെ ശനിയാഴ്ചയാണ് സൗമ്യയെ ആത്മഹത്യ ചെയ്തനിലയില്‍ കാണപ്പെട്ടത്.

പോസ്റ്റ്മോർട്ടത്തിന് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഏറ്റെടുക്കാന്‍ താത്പര്യമുള്ള ബന്ധുക്കളുണ്ടെങ്കില്‍ 0497 2748310, 9446899508 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് വനിതാ ജയില്‍ സൂപ്രണ്ട് അറിയിച്ചിരുന്നു.  എന്നാൽ മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല. അതേസമയം മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

സൗമ്യ ആത്മഹത്യചെയ്‌തെന്നാണ് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. തന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ ആരും ഉത്തരവാദിയല്ലെന്നും ബന്ധുക്കളും മറ്റും ഒറ്റപ്പെടുത്തിയതിനെത്തുടര്‍ന്നാണ് മരിക്കുന്നതെന്നും എഴുതിയ കുറിപ്പ് സൗമ്യയുടെ മൃതദേഹത്തിന് സമീപത്തുനിന്നും പൊലീസിന് ലഭിച്ചു. ആത്മഹത്യാ കുറിപ്പിനു പുറമെ സൗമ്യ ജയിലില്‍െവച്ച് എഴുതിയ ഡയറിക്കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചെറുപ്പത്തില്‍ വിവാഹിതയായ താന്‍ ഭര്‍ത്താവില്‍നിന്ന് വലിയ പീഡനങ്ങള്‍ ഏറ്റുവെന്നും അവസാനം തന്നെ ഉപേക്ഷിച്ചെന്നും അവര്‍ എഴുതുന്നു. തന്റെ കഷ്ടപ്പാടുകളും വേദനകളും അവര്‍ പകര്‍ത്തിവെച്ചിട്ടുണ്ട്.

സൗമ്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. ജയിലില്‍ സുരക്ഷാപാളിച്ചയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. ജയില്‍ ഡി.ജി.പി. അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ഉത്തരവിട്ടു. ആത്മഹത്യയില്‍ ദുരൂഹതയുണ്ടോ എന്നും കസ്റ്റഡിയില്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കണം. സൗമ്യയെ ആരെങ്കിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചോ എന്ന കാര്യവും വിശദമായി അന്വേഷിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

അതേസമയം കേസിലെ ഏകപ്രതി കൊലപ്പെട്ട സാഹചര്യത്തില്‍ വിചാരണ നടപടികളും അവസാനിക്കുകയാണ്. പിതാവ് കുഞ്ഞിക്കണന്‍,മാതാവ് കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയ സൗമ്യയുടെ പേരില്‍ മൂന്ന് കുറ്റപത്രങ്ങളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇവയെല്ലാം തിരിച്ചയച്ചിരുന്നു. സൗമ്യയുടെ ഫോണിലേക്ക് വന്ന കോളുകളുടെ വിശദാംസങ്ങള്‍ ഇല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയത്. ഫോണ്‍രേഖകള്‍ സഹിതം കുറ്റപത്രം വീണ്ടും സമര്‍പ്പിക്കാനൊരുങ്ങിയപ്പോഴാണ് സൗമ്യ ആത്മഹത്യ ചെയ്തത്. ഈ കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ മുഖ്യപ്രതി കൊല്ലപ്പെട്ട വിവരം പൊലീസ് കോടതിയെ അറിയിക്കുകയും സൗമ്യയുടെ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യും.

error: Content is protected !!