തിരക്കഥ ഉണ്ടാക്കി ഒരു ഒളിച്ചോട്ടം

അതി സമര്‍ത്ഥമായ തിരക്കഥ ഉണ്ടാക്കി ഒരു ഒളിച്ചോട്ടം, അതാണ് കാഞ്ഞങ്ങാട് ചിറ്റാരിക്കലില്‍ നടന്നത്.വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ മനുവിന്‍റെ ഭാര്യ മീനുവാണ് ,മനുവിനെയും വീട്ടുകാരെയും ,നാട്ടുകാരെയും,പോലീസിനെയും, മാധ്യമങ്ങളെയും ഒരുപോലെ കബളിപ്പിച്ച് സിനിമ  സ്റ്റൈലില്‍ ഒളിച്ചോട്ടം നടത്തിയത്. പക്ഷേ ചിറ്റാരിക്കല്‍ പോലീസിന്‍റെ സമര്‍ത്ഥമായ നീക്കം മണിക്കൂറുകള്‍ക്കകം തന്നെ തിരക്കഥ പൊളിച്ചടുക്കി.

കഥ ഇങ്ങനെ

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ മനു രാവിലെ പതിവുപോലെ ജോലിക്ക് പോകുന്നു. പത്ത് മണിയാകുമ്പോള്‍ ഭാര്യ അതായത് കഥാ നായിക മീനു കരഞ്ഞുകൊണ്ട്‌ വിളിക്കുന്നു. ചിലര്‍ തന്നെയും കുഞ്ഞിനേയും അക്രമിക്കുകയാണെന്ന്  പറയുന്നു. ഇടയില്‍ സംഭാഷണം മുറിയുന്നു, തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫാകുന്നു.

പരിഭ്രാന്തനായ മനു ഓടി വീട്ടില്‍ എത്തിയപോള്‍ നടുക്കുന്ന കാഴ്ച. സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയില്‍. അവിടവിടെയായി ചോരപ്പാടുകള്‍ , പാത്രങ്ങള്‍ തട്ടി മറിഞ്ഞ നിലയില്‍, ചോറ്റു പാത്രം മറിഞ്ഞു വീണ് മുറിയിലാകെ ചോറ് വീണു കിടക്കുന്നു. മനു ഉടനെ പോലീസ് സ്റ്റേഷനിലേക്ക്. വിവരമറിഞ്ഞ നാട്ടുകാര്‍ ഓടി കൂടി.

ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രത്യേകിച്ചും വാട്സ് ആപ്പില്‍ വാര്‍ത്ത പരക്കുന്നു. അമ്മയെയും കുഞ്ഞിനേയും തട്ടി കൊണ്ട് പോയെന്നും , തട്ടികൊണ്ടുപോയത് നാടോടികള്‍ ആണെന്നും കാറിലാണ് സഞ്ചരിക്കുന്നതെന്നും ,സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന വണ്ടികള്‍ തടയണമെന്നടക്കമുള്ള സന്ദേശങ്ങള്‍ നാടൊട്ടുക്കും പരക്കുന്നു. അപ്പോഴേക്കും ഫോണ്‍ ട്രാക്ക് ചെയ്ത് പോലീസ് ഇതിനകം തന്നെ അന്വേഷണത്തിന്‍റെ ആദ്യ കടമ്പ കടന്നിരുന്നു.ഈ സമയം വീണ്ടും വാട്സ് ആപ്പ് സന്ദേശം വന്നു വണ്ടി നമ്പര്‍ സഹിതം.

കാര്യങ്ങള്‍ ഇങ്ങനെ പോകുമ്പോള്‍ മനുവിന്റെ ഫോണില്‍ ഒരു ഫോട്ടോ വരുന്നു കഴുത്തിന്‌ വെട്ടു കൊണ്ട മീനു. ഈ സമയം വിവരം അറിഞ്ഞ മാധ്യമങ്ങള്‍ ചിറ്റാരിക്കലിലെ വീട്ടിലേക്ക് പോകുന്നു. പോലീസും വീട്ടില്‍ പരിശോധന നടത്തുന്നു. സംശയം ബലപ്പെടുന്നു ചോരപ്പാടുകള്‍ ഉണങ്ങി കട്ടപിടിചിരിക്കുന്നു. ആകെ ഒരു സംശയത്തിന്റെ സാഹചര്യം.

അപ്പോഴേക്കും മീനുവിന്റെ ഫോണ്‍ പരിശോധിച്ച സൈബര്‍ സെല്ലിന് കാര്യത്തിന്‍റെ കിടപ്പ് മനസിലാകുന്നു. മീനു ഇന്നലെ മാത്രം ഒരു നമ്പരിലേക്ക് വിളിച്ചത് ഇരുപതിലതികം തവണ. അന്വേഷണത്തില്‍ ആ കക്ഷിയേയും കാണാനില്ലെന്ന് മനസിലായി. വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍  ചോരപ്പാട് നെയില്‍ പോളിഷ് ഒഴിച്ച് ഉണ്ടാക്കിയതാണെന്നും കണ്ടെത്തി. ഇതോടെ കഥ പൊളിഞ്ഞു.

അപ്പോഴേക്കും കഥാ നായികയെയും കാമുകനെയും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു.

error: Content is protected !!