കെവിന്‍ വധം: ഷാനു ചാക്കോയുടെ അച്ഛനെതിരെയും കൊലക്കുറ്റം

കെവിൻ വധകേസിൽ മുഖ്യപ്രതി ഷാനുചാക്കോയുടെ അച്ഛൻ ചാക്കോയ്ക്കെതിരെയും കൊലക്കുറ്റം ചുമത്തി. ഷാക്കോയുമായി ഷാനു നടത്തിയ ഗുഢാലോചന കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

ചാക്കോയ്ക്കെതിരെ ഗുഢാലോചനാകുറ്റം മാത്രമാണുള്ളതെന്നാണ് പൊലീസ് നേരത്തെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ഇതിന്റ അടിസ്ഥാനത്തിൽ ചാക്കോ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം കുറ്റപത്രത്തിൽ കൊലക്കുറ്റവും ചുമത്തുകയായിരുന്നു. അതായത് കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.

സഹോദരി നീനുവുമായുള്ള പ്രണയമാണ് ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിനോട് ഷാനുവിന് ശത്രുതയുണ്ടാവാൻ കാരണം. നീനുവിനെ വിട്ടുകിട്ടുന്നതിനായി തടങ്കലിൽ വച്ച് വിലപേശാനാണ് കെവിനെയും ബന്ധു അനീഷിനേയും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കൊലപാതകക്കുറ്റത്തിന് പുറമേ ഈ കുറ്റവും വധശിക്ഷലഭിക്കാവുന്ന വകുപ്പാണ്. വീട്ടിലേക്ക് അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, വീടിന് നാശനഷ്ടം വരുത്തൽ, തട്ടിക്കൊണ്ട് പോകൽ തുടങ്ങിയ വകുപ്പുകളും ഷാനു ഉൾപ്പടെയുള്ള മറ്റ് 13 പേർക്കെതിരെ ചുമത്തിയിട്ടുണ്ട്. പോസ്റ്റമോർട്ടത്തിൽ മുങ്ങിമരണമാണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ കൊല്ലണമെന്ന ഉദ്ദേശത്തോടെ പുഴയിലേക്ക് ഓടിച്ച് കൊണ്ടുപോയതായാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഗാന്ധിനഗർ മുൻ എസ്ഐ എംഎസ്.ഷിബു, എഎസ്ഐ സണ്ണിമോൻ, പട്രോളിംഗിനിടെ ഷാനുവിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ എഎസ്ഐ ബിജുമോൻ, ഡ്രൈവർ അജയകുമാർ എന്നിവർക്കെതിരെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്.

error: Content is protected !!