പ്രളയം: കേരളത്തിൽ പകർച്ചവ്യാധികൾക്ക് സാധ്യത

മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി.പലയിടങ്ങളും വളര്‍ത്തു മൃഗങ്ങള്‍ ചത്തു ചീഞ്ഞ് കടക്കുകയാണ്. വെള്ളത്തില്‍ ചത്തുകിടക്കുന്ന മൃഗങ്ങളെ അടിയന്തിരമായി മറവ് ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലയിടത്തും നടപ്പായിട്ടില്ല.

ആളുകള്‍ വീടുകളിലേക്ക് മടങ്ങിയെങ്കിലും എങ്ങും കുടിവെള്ളമില്ല. കിണറുകള്‍ മലിനമാണ്. കക്കൂസ് ടാങ്കുകള്‍ വരെ പൊട്ടിയൊലിക്കുന്നുണ്ട്.എലിപ്പനി, വയറിളക്കം, പകര്‍ച്ചപ്പനി, ചിക്കര്‍ പോക്സ് തുടങ്ങിയ രോഗങ്ങളെയാണ് ആരോഗ്യ വകുപ്പ് ഭയക്കുന്നത്. നാല്‍പ്പതിലധികം ഇനം എലിപ്പനികളെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജല,വായുജന്യരോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണം. ജല ശുചീകരണത്തിന് ആശുപത്രികളില്‍ നിന്നും ക്ലോറിന്‍ വിതരണം തുടങ്ങി.

പ്രതിരോധ മരുന്നുകളുടെ വിതരണം അവസാന ഘട്ടത്തിലാണ്. ഒരുമാസം വരെ പകര്‍ച്ച വ്യാധി മുന്‍കരുതല്‍ തുടരും. പ്രളയം ഏല്‍പ്പിച്ച ഞെട്ടലില്‍ നിന്നും പലര്‍ക്കും പുറത്തുകടക്കാനായിട്ടില്ല. ഇവര്‍ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടും വരെ കൗണ്‍സിലിങ്ങുമായി ആരോഗ്യ പ്രവര്‍ത്തകര്‍ പ്രളയ ബാധിത മേഖലകളില്‍ തുടരും.

ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഡോക്ടര്‍മാരും സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ഇവരുടെ നിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്.പകര്‍ച്ച വ്യാധി പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തകരും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. പ്രളയം കടന്നുപോയ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും അഞ്ചു ലക്ഷത്തിലധികം പേരാണ് വീടുകളിലേക്ക് മടങ്ങാനൊരുങ്ങുന്നത്.

error: Content is protected !!