ഞങ്ങള്‍ എഴുതിയെഴുതി ക്രിമിനലുകളായി, അവര്‍ കലാപങ്ങള്‍ നടത്തി സര്‍ക്കാറുണ്ടാക്കി; മോദിക്കെതിരെ ആഞ്ഞടിച്ച് കനയ്യകുമാര്‍

സാമൂഹ്യപ്രവര്‍ത്തകരെയും എഴുത്തുകാരെയും മാവോയിസ്‌റ്റെന്ന് മുദ്രകുത്തി അറസ്റ്റു ചെയ്ത സംഭവത്തില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍.

‘ഞങ്ങള്‍ എഴുതിയെഴുതി ക്രിമിനലുകളായി. അവരോ കലാപങ്ങള്‍ നടത്തി സര്‍ക്കാറുണ്ടാക്കി.’ എന്നാണ് കനയ്യകുമാര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.‘ഭരണഘടനയെ കത്തിക്കുന്നവരാണ് ദേശസ്‌നേഹികള്‍, ഭരണഘടനയുടെ രക്ഷകരായി നില്‍ക്കുന്നവര്‍ ദേശവിരുദ്ധരും അല്ലേ, ? കലാപമുണ്ടാക്കുന്നവര്‍ ദേശസ്‌നേഹികളും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ നക്‌സലുകളും?’ എന്നും കനയ്യകുമാര്‍ ചോദിക്കുന്നു.

ദലിതരും സവര്‍ണ്ണരും തമ്മില്‍ നടന്ന ഭിമ കൊറേഗാവ് സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇവരെ വീട്ടുതടങ്കലിലാക്കിയാല്‍ മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു. തെലുഗു കവി വരാവര റാവു, മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരുമായ വെര്‍നന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരെറ അഭിഭാഷക സുധ ഭരദ്വാജ്, പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗൗതം നവ്ലഖ എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റ് ചെയതിരുന്നത്.

ജനുവരി ഒന്നിന് നടന്ന ദലിത്-സവര്‍ണ സംഘര്‍ഷത്തില്‍ മാവോയിസ്റ്റ് ബന്ധമുണ്ടെന്നും ദലിത് കൂട്ടായ്മ എല്‍ഗാര്‍ പരിഷത്ത് നടത്തിയ പ്രഭാഷണമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും ആരോപിച്ച് കഴിഞ്ഞ ദിവസമാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ അഞ്ച് പേരെയും അവരവരുടെ സ്വന്തം വീടുകളില്‍ വീട്ടുതടങ്കലിലാക്കിയാല്‍ മതിയെന്നും കേന്ദ്ര സര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, പൂനെ പൊലീസ് എന്നിവര്‍ക്ക് കോടതി നോട്ടീസയച്ചു.

എതിരഭിപ്രായങ്ങള്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാള്‍ ആണെന്നും എതിരഭിപ്രായങ്ങളെ അനുവദിച്ചില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍പോലെ പൊട്ടിത്തെറിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, മനുഷ്യാവകാശ പ്രവര്‍ത്തകരെയും ദളിത് ആക്ടിവിസ്റ്റുകളെയും ഇടത് ബുദ്ധി ജീവികളെയും അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ഞാനും അര്‍ബന്‍ നക്സലൈറ്റ് നെക്സലൈറ്റ് എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ കാംപെയ്ന്‍ ആരംഭിച്ചിരുന്നു.

error: Content is protected !!