മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു; ഡാമുകളിലെ ജലനിരപ്പ് പരമാവധിയിലേക്ക്

സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. കേരളത്തില്‍ നിലവില്‍ 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടിയന്തര യോഗം നടത്തുന്നത്.

മഴ കനത്തത്തോടെ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങീ ജില്ലകളില്‍ റെഡ് അലാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴയും കാറ്റും തുടരുന്നതിനാല്‍ മിക്ക നദികളും കരകവിഞ്ഞ് ഒഴുകുന്നു.

മുല്ലപ്പെരിയാര്‍, ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നു. പെരിയാര്‍ കരകവിഞ്ഞ് ഒഴുകുന്നു.  മുല്ലപ്പെരിയാറിന്‍റെ പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. രാവിലത്തെ അപേക്ഷിച്ച് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്കിന്‍റെ അളവിൽ കുറവ് വന്നിട്ടുണ്ട്.

രാവിലെ  സെക്കന്‍റില്‍ 2800 ഘനയടി വെള്ളം ഒഴുകിവന്നിരുന്നത് ഇപ്പോൾ 18000 ഘനയടിയായി കുറഞ്ഞിട്ടുണ്ട്. 13 സ്പിൽവേ ഷട്ടറുകളിലൂടെ ഇപ്പോൾ സെക്കന്‍റിൽ 1000 ഘനയടി വെള്ളം ഒഴുക്കിവിടുകയാണ്. ഷട്ടറുകൾ മൂന്ന് മീറ്ററിലധികമാണ് ഉയർത്തിയിരിക്കുന്നത്. പരമാവധി സംഭരണശേഷിയായ 142ലേക്ക് വെള്ളത്തിന്‍റെ അളവ് കൂടുകയാണ്. അതുകൊണ്ട് തന്നെ വെള്ളം കൂടുതൽ ഒഴുക്കിവിടാൻ അധികൃതർ നിർബന്ധിതരാകുകയാണ്.

141.6 അടിയാണ് നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 142 അടിയാകാതിരിക്കാൻ പരമാവധി വെള്ളം ഏത് നിമിഷവും തമിഴ്നാട് അധികൃതർ തുറന്നുവിട്ടേക്കും. വണ്ടിപ്പെരിയാറിൽ പെരിയാർ കുത്തി ഒഴുകുകയാണ്.  5000ത്തിലധികം പേരെയാണ് ഇതിനോടകം ജില്ലാഭരണകൂടം ഒഴിപ്പിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇടുക്കി അണക്കെട്ടിന്‍റെ ജലനിരപ്പിനെയും ബാധിക്കുകയാണ്. നിലവിൽ 2398.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. സെക്കന്‍റിൽ 10 ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കി വിടുന്നത്.

ഇടമലയാർ ഡാമിലെ ജലനിരപ്പും ആശങ്കാജനകമായി കൂടുകയാണ്. 169.21 അടിയാണ് ഇപ്പോൾ ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി 169 അടിയാണ്. ജലനിരപ്പ് ഇപ്പോൾ ഇതിനും മുകളിലാണ്. നാലു ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ് കുറയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ജലനിരപ്പുയരുന്നതിനാൽ ഇടുക്കി ഇരട്ടയാർ ഡാം എപ്പോൾ വേണമെങ്കിലും തുറന്നു വിടാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇരട്ടയാർ നോർത്ത്, പുത്തൻപാലം, ഈട്ടിത്തോപ്പ്, കല്ലാർമുക്ക് തുടങ്ങി ഇരട്ടയാറിന്റെ തീര പ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

error: Content is protected !!