മഴക്കെടുതി അയ്യന്‍കുന്നില്‍ കനത്ത നാശനഷ്ടം

കണ്ണൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും പേമാരിയും തീര്‍ത്ത പ്രളയക്കെടുതി ഏറ്റവുമധികം നാശം വിതച്ച അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തില്‍ നൂറിലധികം വീടുകള്‍ നശിച്ചതായും 150 ഹെക്ടറിലധികം സ്ഥലത്ത് നാശനഷ്ടമുണ്ടായതായും പ്രാഥമിക കണക്കുകള്‍. പഞ്ചായത്തില്‍ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ചേര്‍ന്ന സര്‍വ്വകക്ഷി അവലോകന യോഗത്തിലാണ് നഷ്ടം വിലയിരുത്തിയത്. 50 കിലോ മീറ്ററോളം ദൂരത്തില്‍ 38 റോഡുകളും നാല് പാലങ്ങളും തകര്‍ന്നു.

കുരിയിക്കല്‍ പാലം, കളപ്പുര പാലം, സെന്റ് ജൂഡ് കുണ്ടൂര്‍ പുഴപ്പാലം, അങ്ങാടിക്കടവ് വാലന്‍കരി പാലം എന്നിവയാണ് തകര്‍ന്നത്. മുരിക്കുംകരി, പാറക്കാമല, കുന്നുമ്മല്‍ ജംഗ്ഷന്‍, കമ്പനി നിരത്ത് കന്നുതൊട്ടി ജംഗ്ഷന്‍, വാളത്തോട് പുഷ്പഗിരി, പാറക്കപ്പാറ ടഫറേല്‍, പാറക്കപ്പാറ കൂമന്‍തോട് കുരിശുമല തുടങ്ങി ഒമ്പത് കലുങ്കുകളും രണ്ട് അങ്കണവാടികളും അങ്കണവാടികളുടെ ചുറ്റുമതിലുകളും 17 ഓളം വി.സി.ബികളും കിണറുകളും നശിച്ചു.

പ്രാഥമിക കണക്കെടുപ്പില്‍ അയ്യന്‍കുന്ന് പഞ്ചായത്തില്‍ രണ്ട് കോടി രൂപയുടെ കൃഷി നാശം സംഭവിച്ചതായി വിലയിരുത്തി. പഞ്ചായത്തിലെ വിവിധ പുഴയോരങ്ങള്‍ ഇടിഞ്ഞ് അപകട ഭീഷണിയിലാണ്. കൃത്യമായ നാശനഷ്ടം തിട്ടപ്പെടുത്തി വരുന്നു.

നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ സമഗ്ര പാക്കേജ് ഈ പഞ്ചായത്തില്‍ മാത്രമായി അനുവദിക്കണമെന്ന് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റിയന്‍ പറഞ്ഞു. പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിക്കായി അനുവദിച്ച തുകയില്‍ അംഗന്‍വാടി ഫീഡിംഗിനു നീക്കി വെച്ച തുക ഒഴികെ ബാക്കി മുഴുവന്‍ പദ്ധതി പണവും പഞ്ചായത്തിന്റെ വിവിധ മേഖലകളിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് പ്രോജക്ടുകള്‍ തയ്യാറാക്കി നടപ്പിലാക്കുന്നതിനുള്ള അനുവാദം തേടാനാണ് ആലോചന.

25 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. 37 പേര്‍ക്കാണ് വീട് ഭാഗികമായി നഷ്ടപ്പെട്ടത്. ഉരുള്‍ പൊട്ടല്‍ മൂലം 14 വീടുകള്‍ തകര്‍ച്ചാ ഭീഷണി നേരിടുന്നു. മണ്ണിടിച്ചില്‍ മൂലം 22 വീടുകള്‍ അപകടാവസ്ഥയിലാണ്. റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി മാത്രം അയ്യന്‍കുന്ന് പഞ്ചായത്തില്‍ അഞ്ചര കോടിയിലേറെ രൂപ വേണമെന്നാണ് വിലയിരുത്തല്‍.

പഞ്ചായത്തില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 90 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 331 പേരാണ് ഇവിടെ കഴിയുന്നത്. വെള്ളം വന്ന് മൂടിയ കിണറുകളിലെ വെള്ളം പമ്പ് ചെയ്ത് ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ശുചീകരിച്ചതായി പ്രസിഡന്റ് അറിയിച്ചു. കിണര്‍ വെള്ളം വാട്ടര്‍ അതോറിറ്റി പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

error: Content is protected !!