പേമാരി: ഇന്നു മാത്രം മരിച്ചത് 20 പേർ.

പേമാരിയിൽ ഇന്നു മാത്രം മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. കനത്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടിയും വീടുകൾ തകർന്നുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 20 പേർ മരിച്ചത്. പാലക്കാട്, വയനാട്, ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി.

ഇടുക്കി, മലപ്പുറം ജില്ലകളിൽ രണ്ടു കുടുംബങ്ങളിലെ പത്തു പേർ മരിച്ചു. വയനാട്ടിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. മാനന്തവാടി തലപ്പുഴ മക്കിമലയിൽ ഉരുൾപൊട്ടി ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങി. പെരിയാർവാലിയിൽ രണ്ടുപേരെ കാണാനില്ല.

ഇടുക്കി ജില്ലയിൽ അടിമാലി പുതിയകുന്നേൽ ഹസൻകുട്ടിയുടെ കുടുംബത്തിലെ അഞ്ചു പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്. ഹസൻകുട്ടിയുടെ ഭാര്യ ഫാത്തിമ (65), മകൻ മുജീബ് (40), ഭാര്യ ഷെമീന (36), മക്കൾ നിയ (നാല്), ജിയ ഫാത്തിമ (ആറ്) എന്നിവരാണ് മരിച്ചത്.കമ്പിളികണ്ടം കുരിശുകുത്തി പന്തപ്പിള്ളിൽ മാണിയുടെ ഭാര്യ തങ്ക (47), അടിമാലി കൊരങ്ങാട്ടി ആദിവാസി കോളനിയിൽ ഉറുമ്പനയ്ക്കൽ മോഹനൻ (54), ശോഭന (50) എന്നിവരും മരിച്ചു.  ഇടുക്കിയിൽ രണ്ടുപേർ കൂടി മരിച്ചതായി റിപ്പോർട്ടുണ്ട്.

മലപ്പുറം നിലമ്പൂർ എരുമമുണ്ട ചെട്ട്യാംപാറ മലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കുടുംബത്തിലെ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തി. പറമ്പിൽ സുബ്രഹ്‌മണ്യൻ എന്ന കുട്ടന്റെ കുടുംബമാണ് അപകടത്തിൽ പെട്ടത്. സുബ്രഹ്‌മണ്യന്റെ മാതാവ് കുഞ്ഞി (50), ഭാര്യ ഗീത (24), മക്കളായ നവനീത് (ഒൻപത്), നിവേദ് (മൂന്ന്) ബന്ധു മിഥുൻ (16) എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. സുബ്രഹ്‌മണ്യനായി തിരച്ചിൽ നടക്കുന്നു.

കോഴിക്കോട് ജില്ലയിലും കനത്ത മഴ തുടരുകയാണ്. പുതുപ്പാടി പഞ്ചായത്തിൽ മട്ടിക്കുന്നിൽ മലവെള്ളപ്പാച്ചിലിൽ കാറുൾപ്പെടെ കാണാതായ പരപ്പൻപാറ സ്വദേശി റജിത്തിന്റെ (23) മൃതദേഹം കണ്ടെത്തി.

വയനാട് വൈത്തിരിയിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു വീട്ടമ്മ മരിച്ചു. വൈത്തിരി ലക്ഷംവീട് കോളനിയില്‍ തൊളിയറത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലി(65) ആണു മരിച്ചത്. മണ്ണിടിഞ്ഞു വീഴുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജിനെയും പേരക്കുട്ടിയെയും പരുക്കുകളോടെ രക്ഷപ്പെടുത്തി.

കണ്ണൂര്‍ ജില്ലയുടെ മലയോരങ്ങളിൽ കനത്ത മഴയും മഴക്കെടുതിയും തുടരുന്നു. കൊട്ടിയൂർ, ചുങ്കക്കുന്ന്, കേളകം, കണിച്ചാർ, പേരാവൂർ, കോളയാട് മേഖലകളിൽ തുടരുന്ന മഴ കനത്ത നാശം വിതയ്ക്കുന്നു. കേളകം – കൊട്ടിയൂർ മലയോര ഹൈവേയിൽ വെള്ളം കയറി. കൊട്ടിയൂർ ടൗണിനടുത്ത് മൺതിട്ട ഇടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.ഇന്നലെ ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ കീഴങ്ങാനത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നു ഇമ്മട്ടിയിൽ തോമസ്, മകൻ ജയ്സന്റെ ഭാര്യ ഷൈനി എന്നിവർ മരണപ്പെട്ടിരുന്നു.

error: Content is protected !!