ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക

ബന്ദിപ്പൂർ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കർണാടക അറിയിച്ചു. മേൽപ്പാലങ്ങൾ പണിയുന്നത് എളുപ്പമല്ലെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. രാത്രി ഗതാഗതം സാധ്യമാക്കാൻ‌ മേൽപ്പാലം നിർമിക്കാൻ നിർ‌ദേശിച്ചത് കേന്ദ്രസർക്കാർ ആയിരുന്നു.

ജൂലൈ പതിനേഴിന് കുമാരസ്വാമിയും കർണാടക പൊതുമരാമത്ത് മന്ത്രി എച്ച് ഡി രേവണ്ണയും പങ്കെടുത്ത യോഗത്തിലാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി എലവേറ്റഡ് ഹൈവേ ഉൾപ്പെടെയുളള വിശദപദ്ധതി നിർദേശിച്ചത്. രാത്രിയാത്ര നിരോധനം നീക്കാനുളള നിർദേശത്തിൽ ചർച്ചക്ക് തയ്യാറായ കർണാടക മുഖ്യമന്ത്രി സംസ്ഥാനത്ത് എതിർപ്പ് ശക്തമായതോടെയാണ് നിലപാട് മാറ്റിയത്.

നിരോധനം തുടരും. വനമേഖലയിൽ മേൽപ്പാലം പണിയാനുളള നീക്കം പ്രായോഗികമല്ല. തീരുമാനം കേന്ദ്രത്തെ അറിയിക്കും. മുഖ്യമന്ത്രി വ്യക്തമാക്കി. യാത്ര നിരോധനം നീക്കുമെന്ന റിപ്പോർട്ടുകൾ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് വിശദീകരണമെന്നും വാർത്താക്കുറിപ്പിലുണ്ട്. ഇതോടെ 460 കോടി ചെലവ് വരുന്ന പുതിയ പദ്ധതി നിർദേശത്തിൽ പ്രതീക്ഷയർപ്പിച്ച കേരളത്തിന് കനത്ത തിരിച്ചടിയായി. വനസംരക്ഷണത്തിനാണ് ഊന്നലെന്നും സമാന്തരപാത ഉപയോഗിക്കണമെന്നുമുളള പഴയ നിലപാടുകൾ കർണാടകം സുപ്രീംകോടതിയിലും ആവർത്തിക്കും. പുതിയ നിർദേശത്തിൽ നിലപാടറിയിക്കാൻ ഉപരിതല ഗതാഗത മന്ത്രാലയം കർണാടക ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.

ഇതിന് പിന്നാലെ മന്ത്രിസഭയിലെ ഭിന്നതയും പ്രകടമായി. പൊതുമരാമത്ത് മന്ത്രി നിർദേശം പരിഗണിക്കേണ്ടി വരുമെന്ന സൂചന നൽകി. വനം മന്ത്രി ആർ ശങ്കർ ശക്തമായി എതിർത്തു. ഇതും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കാൻ കാരണമായി. കന്നഡ സംഘടനകളും സംസ്ഥാനത്തെ പരിസ്ഥിതി പ്രവർത്തകരും മുഖ്യമന്ത്രിയെ കണ്ട് നിരോധനം പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!