ജീവിതത്തിന്‍റെ 10 ശതമാനം മാത്രമാണ് എന്‍റേത്, അത് എനിക്ക് വേണം; പ്രിയങ്ക ചോപ്ര

നിക് ജൊനാസും പ്രിയങ്ക ചോപ്രയും പ്രണയത്തിലാണെന്നും അത് മൂലമാണ് നടി സല്‍മാനുമൊത്തുള്ള പുതിയ ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക.

‘ഒരു സെലിബ്രിറ്റി എന്ന നിലയ്ക്ക് എന്റെ ജീവിതത്തിന്റെ 90 ശതമാനം ഇപ്പോള്‍ സമൂഹത്തിന്റേതായിരിക്കുന്നു. ബാക്കി 10 ശതമാനം മാത്രമാണ് എന്റേതായിട്ടുള്ളൂ. അതെനിയ്ക്കു എന്റേതു മാത്രമായി വെക്കണം. ഞാനുമൊരു പെണ്‍കുട്ടിയാണ്. എന്റെ കുടുംബം. എന്റെ സൗഹൃദം…ജീവിതം അതേ പറ്റിയൊന്നും മറ്റുള്ളവരോട് വിശദീകരിക്കേണ്ടതാണെന്നു കരുതുന്നില്ല.’ പിടിഐ യോട് പ്രിയങ്ക പറഞ്ഞു. ഗോസിപ്പുകളോടുള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചില സമയങ്ങളില്‍ വളരെ വേദന തോന്നുമെന്നും മറ്റു ചിലപ്പോള്‍ ചിരിച്ചു തള്ളുമെന്നും പ്രിയങ്ക പറഞ്ഞു

ന്യൂ ഡല്‍ഹിയില്‍ യെസ് ബാങ്കും എഫ് ഐ സി സി ഐ സംഘടനയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരസ്പര സംവാദത്തിനിടയിലാണ് പ്രിയങ്ക താനും നിക് ജൊനാസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത്.

സല്‍മാന്‍ ഖാന്‍ നായകനാകുന്ന ‘ഭാരത്’ എന്ന ചിത്രത്തില്‍ നിന്നു നടി പിന്‍മാറിയതു മുതല്‍ പ്രിയങ്കയെ ഗോസിപ്പുകള്‍ പിന്‍തുടരുന്നുണ്ട്. ചില പ്രത്യേക കാരണത്താലാണ് പ്രിയങ്ക പിന്‍മാറിയതെന്നാണ് ഭാരതിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ അന്നു പറഞ്ഞത്.

തന്റെ ബന്ധുവിന്റെ വിവാഹവേളയില്‍ നിക്ക് തന്റെ പുതിയ സുഹൃത്തായ പ്രിയങ്കയെ എല്ലാവര്‍ക്കു മുന്നിലും പരിയപ്പെടുത്തിയിരുന്നു. പ്രിയങ്കക്കൊപ്പം നിക്ക് ജൊനാസ് ഇന്ത്യയിലെത്തി പ്രിയങ്കയുടെ അമ്മയായ മധു ചോപ്രയെയും കാണാന്‍ ചെന്നിരുന്നു.

error: Content is protected !!