എഎപി മുതിര്‍ന്ന നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്ന് അശുതോഷ് വ്യക്തമാക്കി. അതേസമയം അശുതോഷിന്റെ രാജിക്കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

പ്രതികരണമാരായാതെ മാധ്യമപ്രവര്‍ത്തകര്‍ സ്വകാര്യത മാനിക്കണമെന്നും അശുതോഷ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അശുതോഷിന്റെ രാജിപ്രഖ്യാപനം.

ഏതൊരു യാത്രയ്ക്കും ഒരവസാനമുണ്ട്. വിപ്ലവകരവും മനോഹരവുമായിരുന്നു ആം ആദ്മി പാര്‍ട്ടിയ്‌ക്കൊപ്പമുള്ള തന്റെ യാത്രയെന്നും അത് അവസാനിച്ചിരിക്കുകയാണെന്നും അശുതോഷ് പറഞ്ഞു. പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയോട് രാജി അംഗീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തീര്‍ത്തും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നും അശുതോഷ് ട്വീറ്റ് ചെയ്തു. ഐ.ബി.എന്‍ 7 മാനേജിങ് എഡിറ്ററായിരുന്ന അശുതോഷ് 2014ലാണ് ആപ്പില്‍ ചേര്‍ന്നത്.

നേരത്തെ എഎപിയുടെ രാജ്യസഭാ സീറ്റ് അശുതോഷിന് നല്‍കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം സീറ്റ് നല്‍കിയത് സഞ്ജയ് സിങിനാണ്. ബിസിനസുകാരനായ സുശീല്‍ ഗുപ്ത, ചാര്‍ട്ടേഡ് അക്കൗണ്ട് എന്‍ഡി ഗുപ്ത എന്നിവര്‍ക്കും എഎപി സീറ്റ് നല്‍കി. ഇതിന് പിന്നാലെയാണ് കുമാര്‍ വിശ്വാസ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്.

ചാന്ദ്‌നി ചൗക്കില്‍നിന്ന് അശുതോഷ് നേരത്തെ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് വര്‍ദ്ധനായിരുന്നു ഇവിടെ വിജയിച്ചത്.

error: Content is protected !!