നോട്ട് നിരോധനം പരാജയം; നിരോധിച്ച നോട്ടുകളിൽ 99.3 ശതമാനവും തിരിച്ചെത്തി

നിരോധിക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളിൽ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ്‌ ബാങ്കിന്റെ സ്ഥിരീകരണം. ഭൂരിഭാഗം നോട്ടുകളും തിരിച്ചെത്തിയതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും റിസർവ്‌ ബാങ്ക്‌ ആദ്യമായാണ്‌ ഇക്കാര്യം സ്ഥിരീകരിക്കുന്നത്‌. ബുധനാഴ്‌ച പുറത്തിറക്കിയ 2017‐18 വാർഷിക റിപ്പോർട്ടിലാണ്‌ റിസർവ്‌ ബാങ്ക്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

മോദി സർക്കാർ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ട് നിരോധനം സമ്പൂർണ്ണ പരാജയം ആയിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് വാർഷിക റിപ്പോർട്ടിൽ ഉള്ളത്. ആറ് മുതൽ ഏഴു ശതമാനം നോട്ടുകൾ തിരിച്ചുവരില്ലെന്നാണ് സർക്കാർ കരുതിയിരുന്നത്. എന്നാൽ 100 ശതമാനത്തോളം നോട്ടുകളും തിരിച്ചെത്തിയതോടെ കള്ളപ്പണ വേട്ടയ്ക്കായുള്ള നീക്കം പാളി എന്നത് ഉറപ്പായി.  നോട്ടുകൾ തിരിച്ചെത്തിയെന്ന ആർ ബി ഐ തന്നെ സമ്മതിച്ചിരുക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ കറൻസിയായി കള്ളപ്പണം ഇല്ലായിരുന്നു എന്ന് സമ്മതിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.

2016 നവംബർ എട്ടിന് നാടകീയമായ നീക്കത്തിലൂടെ 15 .41 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് നരേന്ദ്ര മോദി നേരിട്ട് ഇല്ലാതാക്കിയത്.  തിരിച്ചെത്തിയ മൊത്തം കറൻസികളുടെയും സുരക്ഷ പരിശോധിച്ച്,  എണ്ണി തിട്ടപ്പെടുത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടു വർഷമെടുത്താണ് റിസർവ് ബാങ്ക് ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കള്ളനോട്ടുകളുടെ കാര്യത്തിൽ വർധന പ്രകടമായതായി ആർ ബി ഐ അറിയിച്ചു. 100 രൂപ നോട്ടുകളിൽ കള്ളനോട്ടുകൾ 35 ശതമാനം കൂടി. എന്നാൽ അമ്പരപ്പിക്കുന്ന വർധന ഉണ്ടായിരിക്കുന്നത് 50 രൂപയുടെ നോട്ടുകളിലാണ്. ഇതിൽ 154 .3 ശതമാനം വർധനയാണ് ഒരു വർഷത്തിനിടയിൽ ഉണ്ടായത്.

error: Content is protected !!