നാവികസേനയ്ക്ക് 21,000 കോടിരൂപ മുതൽമുടക്കിൽ 111 ഹെലിക്കോപ്ടറുകൾ വാങ്ങാൻ കേന്ദ്രത്തിന്‍റെ അനുമതി

നാവികസേനയ്ക്ക് 21,000 കോടിരൂപ മുതൽമുടക്കിൽ 111 ഹെലിക്കോപ്ടറുകൾ വാങ്ങാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. ഹെലിക്കോപ്ടറുകൾ ഉൾപ്പെടെ യുദ്ധമുഖത്തെ ഉപയോഗത്തിനുള്ള 24 നേവൽ മൾട്ടി റോൾ ഹെലികോപ്റ്ററുകളുമടക്കം 46,000 കോടിയുടെ ആയുധങ്ങൾ വാങ്ങാനാണ് പ്രതിരോധ വകുപ്പ് അനുമതി നൽകിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

യുദ്ധമുഖത്തും ദുരന്ത നിവരാണത്തിനും ഉപയോഗിക്കാവുന്ന തരം യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. ഇതുകൂടാതെ തദ്ദേശീയമായി നിർമ്മിച്ച 150 എം.എം ആർട്ടിലറി തോക്കുകൾ വാങ്ങാനും യോ​ഗത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള 150 തോക്കുകൾക്ക് 3364 കോടിരൂപയാണ് ചെലവാകുന്നത്. ഇതിന് പുറമെ 24,879 കോടിയുടെ മറ്റ് ആയുധങ്ങൾ വാങ്ങാനും ധാരണയായിട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും 123 മൾട്ടി റോൾ ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് നാവികസേന ആഗോള ടെൻഡർ വിളിച്ചിരുന്നു.

error: Content is protected !!