ചാനലുമായി ചര്‍ച്ച നടത്തി, സംവിധായകനെ മാറ്റാമെന്ന് ഫള്‌വേഴ്‌സ് ടി വി ഉറപ്പു നല്‍കി; നിഷ സാരംഗ്

ഉപ്പും മുളകും തരം നിഷ സാരംഗ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ഉപ്പും മുളകും സീരിയലില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് ചാനലുമായി ചര്‍ച്ച നടത്തിയെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് നടി. സംവിധായകനായ ആര്‍.ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഇനി ഉപ്പും മുളകും സീരിയലിലേക്ക് താനില്ലെന്ന് നടി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സംവിധായകനെ മാറ്റാമെന്ന് ഫള്‌വേഴ്‌സ് ടി വി ഉറപ്പു നല്‍കിയെന്ന് നടി വ്യക്തമാക്കി.

താന്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അറിയാവുന്ന ആളുകളുണ്ട്. അവരില്‍ പലരും തനിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഇവരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചാനലുമായി ചര്‍ച്ച നടത്തിയത്. താന്‍ ഉപ്പും മുളകിലും തുടരണമെന്ന തന്നെ പിന്തുണച്ച പലരും പറഞ്ഞിരുന്നു. ഇതും ചര്‍ച്ചയ്ക്ക് പോകുന്നതിന് കാരണമായിട്ടുണ്ട്.

തന്നെ പിരിച്ചു വിട്ടിട്ടില്ലെന്നാണ് ചാനലുകാര്‍ ചര്‍ച്ചയില്‍ പറഞ്ഞത്. സംവിധായകനെ മാറ്റണമെന്ന് താന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം സീരിയിലില്‍ തുടരില്ലെന്ന് താന്‍ അറിയിച്ചു. അതേ തുടര്‍ന്ന് സംവിധായകനെ മാറ്റാമെന്ന് ഫള്‌വേഴ്‌സ് ടി വി ഉറപ്പു നല്‍കി. പക്ഷേ ഫള്‌വേഴ്‌സ് ടി വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ താന്‍ മടങ്ങി വരുമെന്ന് മാത്രമാണ് പറയുന്നത്. പക്ഷേ സംവിധായകനെ മാറ്റുമോയെന്ന കാര്യത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചാനല്‍ വ്യക്തത വരുത്തുന്നില്ല. ഈ അവ്യക്തതയുള്ളത് കൊണ്ടാണ് സംവിധായകനെ മാറ്റാത്ത പക്ഷം താന്‍ ഉപ്പും മുളകില്‍ തുടരില്ലെന്ന് വീണ്ടും പറയേണ്ടി വന്നത്.

ഇനി താന്‍ സെറ്റില്‍ ചെല്ലുമ്പോള്‍ ആ സംവിധായകന്‍ വരുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. അയാള്‍ക്ക് ഇതിനു പകരം വേറെ വര്‍ക്ക് ചാനല്‍ കൊടുക്കുമോയെന്നും പറയാന്‍ സാധിക്കില്ല. അങ്ങനെ സംവിധായകന്‍ തിരിച്ചു വന്നാല്‍ താന്‍ ഉപ്പും മുളകും ഉപേക്ഷിച്ച് പോകുമെന്ന് നിഷാ പറയുന്നു.

ആത്മ, എഎംഎംഎ, ഡബ്ല്യൂസിസി തുടങ്ങിയ സംഘടനകള്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംവിധായകനെ മാറ്റുന്ന കാര്യത്തില്‍ ചാനല്‍ നിലപാട് സത്യമാണോയെന്ന് അറിയാന്‍ അല്പ ദിവസം കാത്തിരുന്നേ പറ്റൂ. അതിനു ശേഷം മാത്രമേ സംവിധായകനെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം തീരുമാനിക്കൂ. തനിക്ക് ഉപ്പും മുളകിന്റെയും കാര്യത്തില്‍ ഗ്യാരന്റിയൊന്നും പറയാന്‍ സാധിക്കില്ല.

മറ്റന്നാള്‍ കൊച്ചിയില്‍ സീരിയലിന്റെ ചിത്രീകരണം വീണ്ടും തുടങ്ങും. സംവിധായകനെ മാറ്റിയാല്‍ ചിത്രീകരണം തുടങ്ങി രണ്ടു മൂന്നു ദിവസത്തിന് ശേഷം താന്‍ ജോയിന്‍ ചെയ്യുമെന്നും നിഷാ വ്യക്തമാക്കി.

error: Content is protected !!