സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി; പ്രതിഷേധക്കാര്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു

സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരിൽ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്തു വീട്ടിൽ പ്രീത ഷാജിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം. പ്രീതയ്ക്കു പിന്തുണയുമായി നിരവധി നാട്ടുകാരാണ് പ്രദേശത്തു സംഘടിച്ചിരിക്കുന്നത്. നാട്ടുകാർ ആത്മഹത്യാ ഭീഷണിയും ഉയർത്തുന്നുണ്ട്.

അതിനിടെ, പ്രതിഷേധക്കാർ പെട്രോളൊഴിച്ചു തീകൊളുത്തി. അഗ്നിശമന സേനയെത്തി തീകെടുത്തി. പൊലീസും രംഗത്തുണ്ട്. പെട്രോളും മണ്ണെണ്ണയുമായി പ്രതിഷേധക്കാർ സ്ഥലത്തു തടിച്ചുകൂടിയിട്ടുണ്ട്. സ്ഥലത്തു സംഘർഷാവസ്ഥയാണ്. നാട്ടുകാരിൽ പലരും പെട്രോളിൽ കുളിച്ചുനിൽക്കുകയാണ്. ജപ്തി നടപടിയുമായി മുന്നോട്ടുപോയാൽ തീകൊളുത്തുമെന്നാണ് ഭീഷണി. ഭൂമാഫിയയ്ക്കു വേണ്ടിയാണ് ബാങ്ക് ഇടപെടുന്നതെന്ന് പ്രീത ഷാജി വ്യക്തമാക്കി. സംഘർത്തിൽ പരുക്കേറ്റ പലരെയും ആശുപത്രിയിലേക്കു മാറ്റി. ജപ്തി അംഗീകരിക്കില്ലെന്നാണു നാട്ടുകാർ വ്യക്തമാക്കിയിരിക്കുന്നത്. സമാധാനമുണ്ടാകത്തക്കവിധം കോടതി വീണ്ടും ഇടപെടണമെന്ന് പി.ടി.തോമസ് എംഎൽഎയും ആവശ്യപ്പെട്ടു.

പ്രീതയും കുടുംബവും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വീണ്ടും അനുവാദം കൊടുത്തത്. ബാങ്ക് ലേലത്തില്‍ വിറ്റ സ്ഥലം വാങ്ങിയ ആളാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചതും അനുകൂല വിധി സമ്പാദിച്ചതും.

വര്‍ഷങ്ങളായി എച്ച്ഡിഎഫ്‌സി ബാങ്കും പ്രീത ഷാജിയും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ തുടങ്ങിയിട്ട്. മാനത്തുംപാടത്തെ രണ്ടര കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള വീടും സ്ഥലവും 35 ലക്ഷം രൂപയ്ക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ലേലത്തില്‍ വിറ്റത്. സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ വീടിന് മുന്നില്‍ ചിതയൊരുക്കിയാണ് പ്രീതാ ഷാജി സമരം ചെയ്തിരുന്നത്. ഇപ്പോള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയിരിക്കുകയാണ് ഇവര്‍. നാട്ടുകാരില്‍ ചിലരും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മാഹൂതി നടത്തുമെന്ന് പറഞ്ഞ് പിന്തുണയുമായി എത്തിയിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഇടപെട്ടാണ് പ്രീതാ ഷാജിയുടെ സമരം അവസാനിപ്പിച്ചത്.

error: Content is protected !!