‘പരേതർ’ക്ക്‌ പെൻഷൻ ; കർശന നടപടിക്ക്‌ സർക്കാർ

പരേതരായ അരലക്ഷത്തോളംപേർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി റിപ്പോർട്ട‌്. ഗുലാത്തി ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് ഫിനാൻഡ‌് ആൻഡ‌് ടാക‌്സേഷൻ നടത്തിയ പഠനമാണ‌് പെൻഷൻ കൈപ്പറ്റുന്ന അനർഹരെ വെളിച്ചത്തുകൊണ്ടുവന്നത‌്. ഇതോടെ കർശന നടപടിയുമായി ധനവകുപ്പ‌് രംഗത്ത‌്. പരേതരുടെ പേരിലും മുന്തിയ കാറുള്ളവരും വലിയ വീടുള്ളവരുമൊക്കെ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ട‌്.

‘പരേതരായ’ 31256 പേർ പെൻഷൻ വാങ്ങുന്നു. സാമൂഹ്യസുരക്ഷാ പെൻഷൻ വിഭാഗത്തിലെയും പഞ്ചായത്ത‌്, മുൻസിപ്പാലിറ്റി, കോർപറേഷൻ തുടങ്ങിയവയിലെയും വിവരശേഖരം താരതമ്യം ചെയ‌്തപ്പോഴാണ‌് ഇത്രയേറെ അനർഹരെ കണ്ടെത്തിയത‌്. തദ്ദേശ സ്ഥാപനങ്ങളിൽ മരണം രജിസ‌്റ്റർ ചെയ‌്തിട്ടില്ലാത്ത പരേതരുടെ പേരിലും പെൻഷൻ വാങ്ങുന്നുണ്ടെന്നാണ‌് വിലയിരുത്തൽ.

രണ്ടു വിഭാഗത്തിലുമായി 50000ൽപ്പരം പരേതർ. മരിച്ചതായി രേഖാമൂലം സ്ഥിരീകരിക്കപ്പെട്ടവരുടെ പെൻഷൻ വിതരണം നിർത്തിവയ‌്ക്കും. ഒാരോ തദ്ദേശസ്ഥാപനത്തിനും അതാതിടത്തെ പരേതരുടെ പട്ടിക നൽകും. ഇത‌് പരിശോധിച്ച‌് കൃത്യത ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ ചുമതലയാകും. ഇപ്പോൾ പെൻഷൻ കൈപ്പറ്റുന്ന അനർഹർക്ക‌് പട്ടികയിൽനിന്ന‌് സ്വയം ഒഴിവാകാനുള്ള അവസരം ഉപയോഗിക്കാം. ഇവരെ സർക്കാർ കണ്ടുപിടിച്ചാൽ ഇതുവരെ കൈ പ്പറ്റിയ തുക തിരിച്ചുപിടിക്കും.

ഒന്നേമുക്കാൽക്കോടിയുടെ ബിഎംഡബ്ല്യു, ഒന്നരക്കോടിയുടെ മെഴ്സിഡസ് ബെൻസ‌്  കാറുകളുള്ളവർ പോലും ക്ഷേമപെൻഷൻ വാങ്ങുന്നുണ്ട‌്. ഇത്തരത്തിൽ മുന്തിയകാറുള്ള 64473 പേർ പെൻഷൻ വാങ്ങുന്നുണ്ടെന്ന‌് കണ്ടെത്തി.

ഇത‌്  തടയും. റേഷൻ കാർഡിൽ മകനോ മകൾക്കോ മുന്തിയ കാറുണ്ടായിട്ടും ക്ഷേമ പെൻഷൻ വാങ്ങുന്ന 94043 മാതാപിതാക്കളുണ്ട്. ഇവരുടേത‌് തൽക്കാലം മുടക്കില്ല. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി പരിശോധിക്കും. വാർഷികവരുമാനം ലക്ഷംരൂപയിൽ കൂടിയാൽ പെൻഷന‌് അർഹതയില്ല. അനർഹരിൽനിന്ന‌് കൈപ്പറ്റിയ പണം തിരിച്ചുപിടിക്കുന്നതിനൊപ്പം പിഴ ചുമത്തുന്നതും പരിഗണിക്കും.

1200 ചതുരശ്ര അടിയിൽ കൂടുതൽ വിസ‌്തൃതിയുള്ള വീടുള്ളവരും പെൻഷൻ വാങ്ങുന്നത‌് സംബന്ധിച്ച‌് തദ്ദേശ സ്ഥാപനങ്ങൾ പരിശോധിക്കും.  നിലവിൽ 42,17,097 സാമൂഹ്യസുരക്ഷാ പെൻഷൻകാരാണുള്ളത‌്. 3.60 ലക്ഷം പുതിയ അപേക്ഷകരുണ്ട‌്. 9.50 ലക്ഷം പേർക്ക‌് വിവിധ ക്ഷേമനിധികളിൽനിന്ന‌് പെൻഷൻ ലഭിക്കുന്നു. സർവീസ‌് പെൻഷൻകാരും പൊതുമേഖലാ പെൻഷൻകാരും 10 ലക്ഷത്തിലേറെവരും. കേന്ദ്ര പെൻഷൻകാരും പിഎഫ‌് പെൻഷൻകാരും വേറെയും.

എല്ലാവരെയും ചേർത്താൽ കേരളത്തിലെ പെൻഷൻ വാങ്ങുന്നവരുടെ എണ്ണം 66 ലക്ഷം കവിയും. ഇത‌് ജനസംഖ്യയുടെ അഞ്ചിലൊന്ന‌് കവിയും. സംസ്ഥാനത്ത‌് വൃദ്ധജനതയേക്കാൾ അധികം പെൻഷൻകാർ വരുന്ന സാഹചര്യത്തിലാണ‌് അർഹത സംബന്ധിച്ച‌ പരിശോധനയ്‌ക്ക‌് സർക്കാർ തയ്യാറായത‌്. അനർഹരെ ഒഴിവാക്കി അർഹർക്ക‌് കൂടുതൽ സഹായം ലഭ്യമാക്കുകയാണ‌് ലക്ഷ്യം. പുതിയ അപേക്ഷകളിൽ അർഹരായ മുഴുവൻ പേരെയും പരിശോധനയ‌്ക്കുശേഷം പദ്ധതിയൽ ഉൾപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട‌്.

error: Content is protected !!