വൈദികര്‍ പീഡിപ്പിച്ചെന്ന മൊഴിയിലുറച്ച് യുവതി

കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി തന്നെ വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കാര്യം പീഡനത്തിനിരയായ യുവതി മജിസ്‌ട്രേറ്റിന് മുമ്പിലും ആവര്‍ത്തിച്ചതോടെ വൈദികരെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത ഡല്‍ഹി ജനക്പുരിയില്‍ ജെയ്‌സ് കെ.ജോര്‍ജ്ജ്, കോഴഞ്ചേരി തെക്കേമല മണ്ണില്‍ ജോണ്‍സണ്‍ വി.മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്യാന്‍ ആലോചിക്കുന്നത്. ഇവരിപ്പോള്‍ ഒളിവിലാണ്. പത്തനംതിട്ട കുന്നന്താനം സ്വദേശി ഫാ. സോണി വര്‍ഗീസ് (42), കൊല്ലം പട്ടാഴി സ്വദേശി ഫാ. ജോബ് മാത്യു (40) എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ലെങ്കിലും ജാമ്യാപേക്ഷ തീര്‍പ്പാകുന്നത് വരെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പോലീസിന്റെ തീരുമാനം. തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്.

മറ്റു രണ്ടു പേരുടെ അറസ്റ്റ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വന്ന ശേഷമാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. യുവതിയും വൈദികരും താമസിച്ച ഹോട്ടലിൽ ഉടന്‍ പൊലീസ് പരിശോധന നടത്തും. നേരത്തെ രണ്ട് വൈദികര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി. യുവതിയുടെ മൊഴിയില്‍ ബലാത്സംഗമടക്കമുള്ള ആരോപണങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനായി പ്രോസിക്യൂഷന്‍ നാല് ദിവസം സമയം ചോദിച്ചിരിക്കുകയാണ്.

ഓര്‍ത്തഡോക്സ് സഭാംഗമായ യുവതിയുടെ ഭര്‍ത്താവാണ് കുംബസാര രഹസ്യം മറയാക്കി ഭാര്യയെ വൈദികര്‍ പീഡിപ്പിച്ചെന്ന് സഭയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസിനും പരാതി നല്‍കി. കേസില്‍ ഭര്‍ത്താവിന്‍റെ പരാതി സ്ഥിരീകരിച്ച് യുവതിയും മൊഴി നല്‍കിയതോടെയാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. തുടര്‍ന്ന് മജിസ്ട്രേറ്റും മൊഴി രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ വൈദികരെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നിക്കത്തിനിടെയായിരുന്നു വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

error: Content is protected !!