ഇനി ഇരുന്ന് ജോലി ചെയ്യാം; നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം

തുണിക്കടകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഇനി ജീവനക്കാർക്ക് ഇരുന്ന് ജോലി ചെയ്യാം. ഇത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന സെയിൽസ് ജീവനക്കാരുടെ ദുരവസ്ഥക്കാണ് അവസാനമാകുന്നത്. നിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ഇരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ഭേദഗതി. ഇത്തരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ടെന്നു തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

കടകളില്‍ പണിയെടുക്കുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി നല്‍കണമെന്ന വ്യവസ്ഥയും നിര്‍ബ്ബന്ധമാക്കി. ഏതു ദിവസം എന്നത് കടയുടമയ്ക്ക് തീരുമാനിയ്ക്കാം. ദീര്‍ഘ കാലമായി ഈ മേഖലയില്‍ ഉന്നയിക്കപ്പെടുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ നിയമ ഭേദഗതിയിലൂടെ അംഗീകാരം ലഭിച്ചത്. കേരള ഷോപ്‌സ് ആന്‍ഡ് എസ്ടാബ്ലിഷ്‌മെന്റ് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള ശിക്ഷയും വര്‍ധിപ്പിച്ചു. നിലവില്‍ അയ്യായിരം രൂപ പിഴ എന്നത് ഒരു ലക്ഷം രൂപയായും പതിനായിരം രൂപ പിഴ രണ്ടു ലക്ഷം രൂപയായുമാണ് ഉയര്‍ത്തിയത്.

error: Content is protected !!