മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍; ഒടുവില്‍ ആലിംഗനവും; ലോക്സഭയില്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തെന്ന് രാഹുല്‍ ഗാന്ധി. മോദിക്ക് ചൈനയുടെ താൽപര്യമാണ് പ്രധാനമെന്നും  അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് ചര്‍ച്ചയില്‍  സംസാരിക്കവെ  രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് എന്തെന്ന് മനസിലാക്കി തന്നതിന് നന്ദി. ചിരിക്കുകയാണെങ്കിലും മോദിയുടെ കണ്ണുകളിൽ പരിഭ്രമമാണ് കാണുന്നത്.  എന്‍റെ കണ്ണുകളിലേക്ക് നോക്കുന്നില്ല. വിശ്വസിച്ച യുവാക്കളെ പ്രധാനമന്ത്രി വഞ്ചിച്ചു. പ്രധാനമന്ത്രി നൽകിയത് പൊള്ളയായ വാഗ്ദാനങ്ങളാണ്. വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങൾ എവിടെയെന്ന് രാഹുല്‍ ചോദിച്ചു.

 ജനങ്ങൾക്ക് നൽകുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെ. ഗുണം കോട്ടിട്ട വ്യവസായികൾക്കും അമിത് ഷായുടെ മകനും മാത്രമാണ്. ജയ്ഷായുടെ അഴിമതിക്ക് രാജ്യത്തിന്റെ കാവൽക്കാരൻ കണ്ണടച്ചു. 45000 കോടിയുടേതാണ് റാഫേൽ അഴിമതി. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി കോടികൾ ചെലവിടുന്നു. ഇതിന് പിന്നിൽ റാഫേൽ അഴിമതിപ്പണമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. യാതൊരു തെളിവുകളുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയുടെ പ്രസംഗം  ബിജെപി തടസപ്പെടുത്തി. തെളിവുകള്‍ ഇല്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് ഭരണപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടതോടെ കുറച്ചു നേരത്തേക്ക് സഭ നിര്‍ത്തിവച്ചു.

രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച പ്രസംഗത്തിന് ശേഷം ലോകസഭ നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രാഹുല്‍ ഗാന്ധി മോദിയെ കെട്ടിപ്പിടിച്ചു. പ്രസംഗത്തിന് ശേഷം മോദിയുടെ അടുത്തെത്തിയ രാഹുല്‍ മോദിയോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു വിസമ്മതിച്ച മോദിയെ രാഹുല്‍ കെട്ടിപ്പിടിച്ചു. തുടര്‍ന്ന് ഇരുവരും കുശലം പറഞ്ഞ ശേഷമാണ് രാഹുല്‍ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്.

error: Content is protected !!