നൂറ് രൂപ നോട്ട് എടിഎമ്മിലെത്താന്‍ നൂറ് കോടി രൂപ ചിലവ്

രാജ്യത്ത് പുതിയ രൂപത്തിലുള്ള 100 രൂപ നോട്ടുകള്‍ ലഭിക്കുന്ന തരത്തില്‍ എ.ടി.എം മെഷിനുകളില്‍ മാറ്റം വരുത്താന്‍ 100 കോടി രൂപ ചിലവാകുമെന്ന് കണക്കുകള്‍. പുതിയ നോട്ടുകള്‍ക്ക് അനുസരിച്ച് യന്ത്രങ്ങളും സാങ്കേതിക മാറ്റങ്ങളും വരുത്താനാണ് ഇത്രയും പണം ചിലവാകുക.

രാജ്യത്താകമാനമുള്ള 2.4 ലക്ഷം എ.ടി.എമ്മുകളില്‍ മൊത്തം മാറ്റം വരുത്താന്‍ പന്ത്രണ്ട് മാസത്തോളം സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. മുമ്പ് 200 രൂപ നോട്ട് ലഭിക്കുന്ന തരത്തില്‍ എ.ടി.എമ്മുകളില്‍ മാറ്റം വരുത്താനും 100 കോടി രൂപ ചിലവായിരുന്നു.

കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ഗവർണർ ഉർജിത്ത് പട്ടേൽ ഒപ്പിട്ട വയലറ്റ് നിറത്തിലുള്ള പുതിയ 100 രൂപ നോട്ട് ഇറക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ സൈസ് നിലവിലുള്ള 100 രൂപ നോട്ടിനെക്കാൾ ചെറുതാണ്. എ ടി എമ്മിൽ ഇത് വയ്ക്കുന്നതിനും നോട്ടുകൾ ഡിറ്റെക്റ്റ് ചെയ്യുന്നതിനും മാറ്റം വരുത്തേണ്ടി വരുമെന്നതാണ് പ്രശ്നം.
2016 നവംബറിൽ 500 , 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനു ശേഷം ഇത് നാലാമത്തെ തവണയാണ് റിസർവ് ബാങ്ക് പുതിയ നോട്ടുകൾ ഇറക്കുന്നത്. നിലവിലുള്ള 200 , 2000 രൂപ നോട്ടുകളുടെ സൈസ് അല്ലാത്തതിനാൽ പുതിയ നോട്ട് വരുമ്പോൾ കാലിബ്രേഷൻ ആവശ്യമായി വരുമെന്ന് ഹിറ്റാച്ചി പേയ്‌മെന്റ് സർവീസിന്റെ മാനേജിങ് ഡയറക്ടർ ലോണി ആന്റണി പറഞ്ഞു. പുതിയ നോട്ടിന്റെ സൈസാണ് മുഖ്യ പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ നോട്ടുകൾ വയ്ക്കുന്നതിന് നാല് കസെറ്റുകൾ വീതമാണ് ഓരോ എ ടി എമ്മിലും ഉള്ളത്. നൂറിന്റെ മാത്രം രണ്ടു സൈസിലുള്ള നോട്ടുകൾ  നിലവിൽ വരുന്നതോടെ രണ്ടു കസറ്റുകൾ അതിനായി മാത്രം വേണ്ടി വരും. ഇത് നോട്ടുകൾ സൂക്ഷിക്കുന്നതിനുള്ള എ ടി എമ്മിന്റെ കാപ്പാസിറ്റിയിൽ കുറവ് വരുത്തുമെന്ന് ടാറ്റ കമ്മ്യൂണികേഷൻസ് പേയ്‌മെന്റ് സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ സഞ്ജീവ് പട്ടേൽ പറഞ്ഞു. ദേവസിലെ സെക്യൂരിറ്റി പ്രസ്സിൽ പുതിയ നോട്ടിന്റെ അച്ചടി തുടങ്ങി കഴിഞ്ഞു. ഇത് ഉടൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

error: Content is protected !!