അഭിമന്യു വധം; ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

അഭിമന്യുവിനെ കോളേജ് ക്യാമ്പസില്‍ വെച്ച് കുത്തിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതികളെ സഹായിച്ച നവാസ് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. എറണാകുളം നെട്ടൂരില്‍ നിന്ന് ഒളിവില്‍ പോയ ആറ് പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.

കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന നെട്ടൂര്‍ സ്വദേശികളിലൊരാള്‍ കൈവെട്ട് കേസില്‍ ഉള്‍പ്പെട്ടിരുന്നതായി സൂചന ലഭിച്ചു. സമീപകാലത്ത് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യമുണ്ടായിരുന്ന കേസുകളും സംഭവങ്ങളും വിശകലനം ചെയ്യുകയാണ് അന്വേഷണ സംഘം. പതിനഞ്ചംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിട്ടും ഇതില്‍ അഞ്ച് പേരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്.

എറണാകുളം നെട്ടൂരില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഒളിവില്‍ പോയ ആറ് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നെട്ടൂര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവാറ്റുപുഴയിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്നയാളും ഇവരിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ ആറ് പേരില്‍ ആരെങ്കിലുമാണോ കൃത്യം നടത്തിയ കറുത്ത ഷര്‍ട്ടുകാരന്‍ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

error: Content is protected !!