അഭിമന്യു വധം; എതിര്‍ത്താല്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചിരുന്നു, ആദിലിന്റെ മൊഴി പുറത്ത്

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ ആഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ക്യാംപസ് ഫ്രണ്ടിന് പങ്കുണ്ടെന്ന് അറസ്റ്റിലായ ആദിലിന്റെ മൊഴി. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആദില്‍. ഇന്ന് ഉച്ചയോടെയാണ് ആദിലിനെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

മഹാരാജാസ് കോളേജില്‍ നവാഗതരെ വരവേല്‍ക്കുന്നതിനായി ചുവരെഴുതുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കേസിലെ മുഖ്യപ്രതിയായ ആദില്‍ പൊലീസിന് മൊഴി നല്‍കിയത്.

എതിർത്താൽ തിരിച്ചടിക്കാനും തീരുമാനിച്ചിരുന്നു. അതിനാൽ സംഘടിച്ചാണ് എത്തിയത്.എന്തു വില കൊടുത്തും ചുവരെഴുതാനായിരുന്നു  തീരുമാനം.  എസ് എഫ് ഐ ക്ക് വഴങ്ങേണ്ടെന്ന്  തീരുമാനിച്ചിരുന്നു. അടിച്ചാൽ തിരിച്ചടിക്കുമെന്നായിരുന്നു നിർദേശം അതിനാല്‍ പലരും കൈവശം ആയുധം കരുതിയിരുന്നുവെന്ന് ആദില്‍ മൊഴി നല്‍കി. എന്നാല്‍, ആരാണ് നിര്‍ദ്ദേശിച്ചതെന്ന് ആദില്‍ വെളിപ്പെടുത്തിയില്ല.

കൊലയാളി സംഘത്തിലെ ഒരാള്‍ ഇന്ന് രാവിലെയാണ് പിടിയിലായത്. ആലുവ സ്വദേശിയായ കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമായ ആദിലാണ് അറസ്റ്റിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ പൊലീസ് പിടികൂടുന്നത് ഇതാദ്യമായിട്ടാണ്.

error: Content is protected !!