നിപ വൈറസ്; പഴം തീനി വവ്വാലുകളുടെ പരിശോധന ഇന്നാരംഭിക്കും

ഷഡ്പദഭോജികളായ വവ്വാലുകളിൽ നിന്നല്ല പേരാമ്പ്രയിൽ നിപ വൈറസ് വന്നതെന്ന് സ്ഥിരീകരിച്ചതോടെ പഴം കഴിക്കുന്ന വവ്വാലുകളുടെ സ്രവ പരിശോധന ഇന്നാരംഭിക്കും. മൂന്ന് പേർ മരിച്ച ചങ്ങരോത്തെ വളച്ചുകെട്ടി മൂസയുടെ വീടിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് വവ്വാലുകളെ പിടികൂടി സാമ്പിൾ ശേഖരിക്കും. ജനങ്ങളുടെ ആശങ്ക അകറ്റാൻ ആരോഗ്യ പ്രവർത്തകരും തദ്ദേശ ഭരണകൂടവും ഇടപ്പെട്ട് പേരാമ്പ്രയിലും പരിസരങ്ങളിലും ബോധവത്കരണ പരിപാടികളും നടത്തും. മന്ത്രി ടിപി രാമകൃഷ്ണനും പരിപാടിയിൽ പങ്കാളിയാകും. സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. എന്നാൽ ജാഗ്രത തുടരാനാണ് നിർദേശം. കിണറ്റിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിന്നല്ല രോഗം വന്നതെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇതര സാധ്യതകളും പരിശോധിക്കും. ചങ്ങരോത്ത് ആദ്യം മരിച്ചവർ വിദേശ സന്ദർശനം നടത്തിയോ എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!