കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണറായി വിജയന്‍ പങ്കെടുക്കും

കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ഈ മാസം 23നാണ് ചടങ്ങ്. കുമാരസ്വാമിയുടേയും മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടേയും ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നത്. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആദ്യം സത്യപ്രതിജ്ഞ തിങ്കളാഴ്ചയായിരുന്നു തീരുമാനിച്ചതെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാജിവ് ഗാന്ധിയുടെ ചരമദിനമായതിനാല്‍ തീയതി മാറ്റാന്‍ കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് തീയതി മാറ്റിയത്
യെദ്യൂരപ്പ രാജി വെച്ചതിനു പിന്നാലെ, മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഗവര്‍ണറെ കണ്ടിരുന്നു. തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായും കുമാരസ്വാമി അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ച് ദിവസത്തെ സമയമാണ് ഗവര്‍ണര്‍ കുമാരസ്വാമിക്ക് അനുവദിച്ചത്. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ.
രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. സത്യപ്രതിജ്ഞാചടങ്ങിന് മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്‍, മായാവതി, ചന്ദ്രശേഖര്‍ റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് എന്നിലവരുള്‍പ്പെടെ പ്രതിപക്ഷ ദേശീയ നേതാക്കളെയും കോണ്‍ഗ്രസും എസ്‌ജെഡിയും ക്ഷണിച്ചിട്ടുണ്ട്. ഇതോടെ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് മുമ്പുതന്നെ കോണ്‍ഗ്രസും എസ്‌ജെഡിയും തുടങ്ങിവച്ച വകുപ്പ് വിഭജനം ഉള്‍പ്പെടെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളും പുനരാരംഭിച്ചു.

error: Content is protected !!