ചാരക്കേസ്; കൂടുതൽ അന്വേഷണം വേണമെന്ന് സിബിഐ

രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ ചാരക്കേസിൽ നമ്പിനാരായണനെ കുടുക്കിയതാരെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് സിബിഐ. സുപ്രീം കോടതിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പിനാരായണൻ സുപ്രീം കോടതിയിൽ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിച്ചിരുന്നു. ഇക്കാര്യത്തിൽ സിബിഐ നിലപാട് കോടതി ചോദിച്ചപ്പോഴാണ് , നമ്പി നാരായണനെ കുടുക്കിയതാണെന്നും കസ്റ്റഡി മർദ്ദനം നടന്നിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കിയത്.

കേസ് കെട്ടിച്ചമച്ചവരെ കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം ആവശ്യമുണ്ട്. അതിന് തയ്യാറാണെന്നും സിബിഐ വ്യക്തമാക്കി. നമ്പി നാരായണന് നഷ്ടപരിഹാരം ആര് നൽകുമെന്ന ചോദ്യവും കോടതിയിൽ ഉയർന്നു. നമ്പി നാരായണനെ കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർ തന്നെ നഷ്ടപരിഹാരം നൽകട്ടെയെന്ന് കോടതി തന്നെ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥർ വീട് വിറ്റിട്ടായാലും പണം കണ്ടെത്തട്ടെയെന്നാണ് കോടതി പരാമർശിച്ചത്.

ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് കേസിൽ വാദം തുടരും. ഇത് പൂർത്തിയാകുകയാണെങ്കിൽ ഇന്ന് തന്നെ ഒരു ഇടക്കാല ഉത്തരവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം തന്നെ കേസിൽ കുടുക്കിയതാണെന്ന് കോടതിയിൽ നമ്പി നാരായണൻ നേരിട്ട് ബോധിപ്പിച്ചിരുന്നു. അമേരിക്കൻ പൗരത്വം നിഷേധിച്ചതുകൊണ്ടാണ് തനിക്ക് ഇത് നേരിടേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരായ നമ്പി നാരായണനും ശശികുമാരനും ഇന്ത്യൻ ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയെന്നായിരുന്നു കേസ്.

You may have missed

error: Content is protected !!