ഗുജറാത്തില്‍ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍വക യാഗം

ഗുജറാത്തില്‍ നേരിടുന്ന കടുത്ത വരൾച്ച നേരിടുന്നതിനായിസംസ്ഥാന സർക്കാർ യാഗങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നു.ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണു സംസ്ഥാന സർക്കാർ ചെലവിൽ യാഗങ്ങൾ നടത്താൻ തീരുമാനിച്ചത്.മേയ് 31നു സംസ്ഥാനത്തെ 33 ജില്ലകളിലും എട്ടു പ്രധാന നഗരങ്ങളിലുമായി 41 പർജന്യ യാഗങ്ങൾ സംഘടിപ്പിക്കാനാണു സർക്കാർ ഒരുങ്ങുന്നത്. മഴ, ജല ദൈവങ്ങളായ ഇന്ദ്രന്‍, വരുണൻ എന്നിവരുടെ കരുണ തേടിയാണ് സർക്കാർ‌ വക യാഗങ്ങൾ.

സംസ്ഥാന സർക്കാരിന്റെ ജലസംരക്ഷണപദ്ധതികളുടെ ഭാഗമായ സുജലാം സുഫലാം ജല്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായാണു യാഗങ്ങളും സംഘടിപ്പിക്കുന്നത്. വരാനിരിക്കുന്ന മൺസൂൺ സീസണില്‍ മഴവെള്ളം കൂടുതല്‍ ശേഖരിക്കുന്നതിനായി നദികൾ, കുളം, തടാകം, കനാലുകൾ എന്നിവയെല്ലാം ഒരുക്കി നിർത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. നല്ലൊരു മൺസൂൺ പ്രതീക്ഷിച്ചാണു പൂജകള്‍ സംഘടിപ്പിക്കുന്നതെന്നു ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേൽ പറഞ്ഞു. പൂജകൾക്കു ശേഷം പ്രസാദവിതരണം ഉണ്ടായിരിക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

യാഗങ്ങളിലും തുടര്‍ന്നു നടക്കുന്ന പൊതുയോഗത്തിലും മുഖ്യമന്ത്രി വിജയ് രൂപാണി, സംസ്ഥാന മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 25,227 മില്യൻ ക്യുബിക് മീറ്റർ വരെ വെള്ളം ശേഖരിച്ചുവയ്ക്കാൻ ശേഷിയുള്ള ഗുജറാത്തിലെ 204 ഡാമുകളില്‍ ആകെ 29 ശതമാനം മാത്രമാണ് വെള്ളമുള്ളത്. വരള്‍ച്ചയെ മറികടക്കാനായില്ലെങ്കില്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ ബിജെപിക്കു തിരിച്ചടി ലഭിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രിമാർ കരുതുന്നു.

error: Content is protected !!