ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി തള്ളി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു തള്ളി.ചീഫ് ജസ്റ്റിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. അറ്റോണി ജനറല്‍ അടക്കമുള്ള നിയമവിദഗ്ദരുമായി ആലോചിച്ചാണ് ഉപരാഷ്ട്രപതിയുടെ തീരുമാനം. എംപിമാര്‍ രാജ്യസഭാ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഏഴ് പ്രതിപക്ഷ കക്ഷികളിലെ 64 എം.പിമാരായിരുന്നു നോട്ടീസില്‍ ഇംപീച്ച് നോട്ടീസില്‍ ഒപ്പുവെച്ചിരുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ കുറ്റവിചാരണ നോട്ടീസ് നല്‍കുന്നത്. കുറ്റവിചാരണ നോട്ടീസുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ പറഞ്ഞു.

ഇംപീച്ച്മെന്‍റ് നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയ്ക്കെതിരെ നേരത്തെ തന്നെ ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത് വന്നിരുന്നു. എന്നാലിപ്പോള്‍ ഇംപീച്ച്മെന്‍റ് നടത്താന്‍ തക്ക ശക്തമായ ആരോപങ്ങളൊന്നുമില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ഇംപീച്ച്മെന്‍റ് നോട്ടീസ് തള്ളിയിരിക്കുന്നത്.

രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ നടപടിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ അത്തരമൊരു ഹര്‍ജിയുമായി കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചാല്‍ അത് പരിഗണിക്കുക ചീഫ് ജസ്റ്റിസായിരിക്കും എന്ന സങ്കീര്‍ണമായ സാഹചര്യം മുന്നിലുണ്ട്. സ്വാഭാവികമായും നാടകീയമായ രംഗങ്ങളാവും കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തിയാല്‍ കാണേണ്ടി വരിക.

ദീപക് മിശ്രയ്ക്കെതിരെ നേരത്തെ തന്നെ ഇംപീച്ച്മെന്‍റ് നീക്കം പ്രതിപക്ഷം നടത്തിയിരുന്നുവെങ്കിലും അത് എവിടെയുമെത്തിയിരുന്നില്ല. പിന്നീട് ജസ്റ്റിസ് ലോയ വധക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വിധി പുറപ്പെടുവിച്ചതോടെയാണ് അദ്ദേഹത്തിനെതിരായ ഇംപീച്ച്മെന്‍റ് നീക്കം കോണ്‍ഗ്രസ് വേഗത്തിലാക്കിയത്.

error: Content is protected !!